Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം 2021: മിന്നും പ്രകടനവുമായി ഡോ. സന്ധ്യ കുറുപ്പ്; കൊയിലാണ്ടിയുടെ ജനകീയ ഡോക്ടർ


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം മത്സരത്തില്‍ അപ്രതീക്ഷിതമായ മുന്നേറ്റം കാഴ്ചവെച്ച് കൊയിലാണ്ടിയുടെ ജനകീയ ഡോക്ടര്‍ സന്ധ്യ കുറുപ്പ്. പതിനാല് പേരുള്‍പ്പെട്ട മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ രാഷ്ട്രീയക്കാരെയും സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും എഴുത്തുകാരെയുമൊക്കെ പിന്തള്ളിയാണ് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ  ഡോക്ടറായ സന്ധ്യ കുറുപ്പ് വാര്‍ത്താതാരം മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്.

പൊതുരംഗത്ത് സജീവമായവരും സിനിമാമേഖലയില്‍ നിന്നുള്ളവരുമൊക്കെയായ മറ്റ് മത്സരാര്‍ത്ഥികളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ഡോ. സന്ധ്യ ആദ്യഘട്ടവോട്ടെടുപ്പിലും രണ്ടാം ഘട്ട വോട്ടെടുപ്പിലും മുന്നേറിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് പകുതിയോട് അടുത്തപ്പോള്‍ ഒരു ഘട്ടത്തില്‍ 30 വോട്ടിന്റെ വ്യത്യാസത്തില്‍ ടി.ടി ഇസ്മായിലിന് കടുത്ത വെല്ലുവിളിയായി സന്ധ്യ നിലകൊണ്ട സ്ഥിതിയുമുണ്ടായി.

കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറാണ് സന്ധ്യ കുറുപ്പ്. കോവിഡിന്റെ ആദ്യതരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ കോവിഡ് നോഡല്‍ ഓഫീസറായി ചുമതലയേറ്റ സന്ധ്യ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. വടകര എടോടി സ്വദേശിയായ ഡോ. സന്ധ്യ താലൂക്ക് ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ കൊയിലാണ്ടി മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ഏറെക്കാലം ജോലി ചെയ്തിട്ടുണ്ട്. ഈ നിലയിലുള്ള പരിചയങ്ങളും ഇടപെടലുകളും ഡോ. സന്ധ്യയ്ക്ക് വോട്ടിങ്ങില്‍ തുണയായിട്ടുണ്ടാവാം.

അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോള്‍ അരിക്കുളം പഞ്ചായത്തിനെ സമ്പൂര്‍ണ്ണ അന്ധതാ നിവാരണ പഞ്ചായത്തായി മാറ്റുന്നതിനായി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. കൊയിലാണ്ടി മേഖലയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഈ ഡോക്ടര്‍.