Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി ടി.ടി ഇസ്മായില്‍
കൊയിലാണ്ടി: മുസ്‌ലിം ലീഗ് നേതാവ് ടി.ടി ഇസ്മായില്‍ Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ടി.ടി ഇസ്മായിലും കൊയിലാണ്ടിയിലെ കോവിഡ് മുന്‍ നോഡല്‍ ഓഫീസറായ സന്ധ്യ കുറുപ്പും തമ്മിലായിരുന്നു അവസാന ദിനത്തില്‍ പോരാട്ടം. സന്ധ്യകുറിപ്പിനേക്കാള്‍ 978 വോട്ടുകള്‍ അധികം നേടിയാണ് ടി.ടി ഇസ്മായില്‍ വിജയിച്ചത്.
15930 വോട്ടുകളാണ് ഫൈനല്‍ റൗണ്ടില്‍ ആകെ രേഖപ്പെടുത്തിയത്. ഇതില്‍ ടി.ടി ഇസ്മായില്‍ 6564 വോട്ടുകളും സന്ധ്യകുറുപ്പ് 5586 വോട്ടുകളും നേടി.
മത്സരത്തിന്റെ തുടക്കം മുതല്‍ വോട്ടിങ്ങില്‍ മേധാവിത്വം പുലര്‍ത്തിയ ടി.ടി ഇസ്മായിലിന് അവസാന ദിവസം വരെ മുന്നേറ്റം തുടരാനായി. ആദ്യറൗണ്ടിലും ഇസ്മായില്‍ തന്നെയായിരുന്നു ഒന്നാമതുണ്ടായിരുന്നത്. പതിനാലംഗ പട്ടികയില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ വ്യക്തിയാണ് ഡോ. സന്ധ്യ കുറുപ്പ്.
കൊയിലാണ്ടിയുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച പതിനാലുപേരെയാണ് sky ടൂര്‍സ് & ട്രാവല്‍സും കൊയിലാണ്ടി ന്യൂസ് ഡോട് കോമും സംഘടിപ്പിക്കുന്ന വാര്‍ത്താതാരം പരിപാടിയുടെ ആദ്യറൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. യുവക്രിക്കറ്റ് താരം രോഹന്‍ കുന്നുമ്മല്‍, ചലച്ചിത്ര സംവിധായകന്‍ മനു അശോക്, കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, വനമിത്ര പുരസ്‌കാരം നേടിയ സി. രാഘവന്‍, കൊയിലാണ്ടി സി.ഐ എന്‍ സുനില്‍കുമാര്‍, സിനിമാ ഗാനരചയിതാവ് നിധീഷ് നടേരി, പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍, ഗായകന്‍ കൊല്ലം ഷാഫി, യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ്, മുന്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. സന്ധ്യ കുറുപ്പ്, ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി, മുന്‍ എം.എല്‍.എ കെ. ദാസന്‍, കെ റെയില്‍ സമരസമിതി കണ്‍വീനര്‍ ടി.ടി ഇസ്മായില്‍ എന്നിവരായിരുന്നു പട്ടികയിലുണ്ടായിരുന്ന പതിനാലുപേര്‍.
ജനുവരി 18നാണ് ആദ്യ റൗണ്ട് മത്സരം ആരംഭിച്ചത്. ഇരുപത് ദിവസം നീണ്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിന് അവസാനിച്ചു. ആദ്യ റൗണ്ടില്‍ കൂടുതല്‍ വോട്ടുനേടിയ നാലുപേരെ ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുത്തു. ടി.ടി. ഇസ്മായില്‍, സന്ധ്യകുറുപ്പ്, കൊല്ലം ഷാഫി, കാനത്തില്‍ ജമീല എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കൊല്ലം ഷാഫിയും കാനത്തില്‍ ജമീലയും മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കൊയിലാണ്ടി ന്യൂസിനെ അറിയിച്ചതോടെ അവസാനഘട്ട പോരാട്ടത്തില്‍ രണ്ടുപേര്‍ മാത്രം ബാക്കിയായി.
വാര്‍ത്താതാരം 2021 മത്സരത്തിന് വായനക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ 13197 പേരാണ് വോട്ടു ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 15930 പേരും വോട്ടുരേഖപ്പെടുത്തി.
ഏറ്റവും മികച്ച രീതിയില്‍ സുതാര്യമായും കൃത്യമായും വാര്‍ത്താ താരത്തിന്റെ തിരഞ്ഞെടുപ്പ് നടത്തണമെന്ന നിര്‍ബന്ധത്തോടൊപ്പം പ്രാദേശിക തലത്തില്‍ സാങ്കേതിക പരിജ്ഞാനമില്ലാത്ത ഏതൊരാള്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലും കൂടെയാവണം തിരഞ്ഞെടുപ്പ് പ്രക്രിയ എന്ന തീരുമാനമാണ് കൊയിലാണ്ടി ന്യൂസ് എഡിറ്റേഴ്‌സ് ആദ്യമേ എടുത്തത്. വിവിധ ടൂളുകള്‍ ഉപയോഗിച്ചതില്‍ നിന്ന് 10 വര്‍ഷത്തെ പോള്‍ എക്‌സ്പീരിയന്‍സ് ഉള്ള Strawpoll എന്ന ജര്‍മന്‍ സേവനത്തെയാണ് ഫൈനലൈസ് ചെയ്തത്. ഏറ്റവും മികച്ച പോളിംഗ് ആല്‍ഗോരിതമാണ് Strawpoll ഉപയോഗിക്കുന്നത്. ഐ.പി. അടിസ്ഥാനമാക്കി വ്യാജവോട്ടുകള്‍ ഒഴിവാക്കാനും വി.പി.എന്‍. ഉപയോഗിച്ചുള്ള വോട്ടുകള്‍ പോലും ഇത്തരത്തില്‍ ഫില്‍ട്ടര്‍ ചെയ്ത് കളയാനും Strawpoll-ന് സാധിക്കും. ലോഗിന്‍ ആവശ്യമില്ലാത്ത രീതിയിലാണ് വോട്ടെടുപ്പ് സജ്ജീകരിച്ചത്. സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്ക് പോലും ഒറ്റക്ലിക്കില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യത്തിന് വേണ്ടിയാണ് ലോഗിന്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലെത്തിയത്.