വിഷു അവധി മുതലെടുത്ത് പന്തലായനി കൂമന്‍തോടില്‍ അനധികൃത നിലംനികത്തല്‍; നിക്ഷേപിച്ച മണ്ണ് തിരിച്ചെടുപ്പിച്ച് പന്തലായനി വില്ലേജ് ഓഫീസര്‍


കൊയിലാണ്ടി: വിഷു അവധി ദിനങ്ങള്‍ മുതലെടുത്ത് നിലം നികത്താനുള്ള ശ്രമം പന്തലായനി വില്ലേജ് ഓഫീസര്‍ ഇടപെട്ട് തടഞ്ഞു. പന്തലായനി കൂമന്‍തോടില്‍ ഇന്നലെയായിരുന്നു സംഭവം.

കൂമന്‍തോട് ഭാഗത്ത് രാധാകൃഷ്ണന്‍ നായര്‍, ശ്രീലത എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം മണ്ണിട്ട് നികത്തുകയായിരുന്നു. വിഷു അവധി ദിനങ്ങളില്‍ ഇവിടെ വ്യാപകമായി മണ്ണിറക്കുകയായിരുന്നു. തിങ്കളാഴ്ച ഈ മണ്ണ് നിരപ്പാക്കി നിലം നികത്തിക്കൊണ്ടിരിക്കെയാണ് വില്ലേജ് ഓഫീസര്‍ ജയന്‍ വരിക്കോളിയും സംഘവും സ്ഥലത്തെത്തിയത്.

പ്രദേശവാസികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവസ്ഥലത്തെത്തിയതെന്ന് ജയന്‍ വരിക്കോളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നിലം നികത്താന്‍ അനുമതി ആവശ്യപ്പെട്ട് സ്ഥലമുടമ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഡാറ്റ ബാങ്ക് പ്രകാരം നിലമായി നിലര്‍ത്തേണ്ട സ്ഥലമായിരുന്നു ഇത്. ഇക്കാരണംകൊണ്ട് അപേക്ഷ തള്ളുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ അനധികൃതമായി നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതുപ്രകാരം നികത്തിയ മണ്ണ് ഉടമ തന്നെ നീക്കം ചെയ്യുന്നുണ്ട്.