പുലര്‍ച്ചെയോടെ നെഞ്ചുവേദന, ആശുപത്രിയിലേക്കുള്ള വഴിയില്‍ മരണം; നാലുപതിറ്റാണ്ടോളം പൊയില്‍ക്കാവിന് ശബ്ദവും വെളിച്ചവും നല്‍കിയ സന്തോഷേട്ടന്‍ ഇനിയില്ല



പൊയില്‍ക്കാവ്: നാലുപതിറ്റാണ്ടിലേറെയായി പൊയില്‍ക്കാവിന്റെയും സമീപ പ്രദേശങ്ങളുടെയും പൊതുപരിപാടികളിലും ആഘോഷങ്ങളിലും ശബ്ദവും വെളിച്ചവും നല്‍കി കൂട്ടിരുന്ന സന്തോഷേട്ടന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്തയറിഞ്ഞാണ് പ്രദേശം ഇന്ന് ഉണര്‍ന്നത്. സന്തോഷ് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് എന്ന സ്ഥാപനത്തിലൂടെ ഇക്കാലത്തിനിടെ പ്രദേശവാസികള്‍ക്ക് ഒപ്പമുണ്ടായിരുന്നയാള്‍ പെട്ടെന്ന് പോയത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍.

ഇന്നലെ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വരെ പ്രയാസങ്ങളൊന്നുമുണ്ടായിരുന്നില്ല. പുലര്‍ച്ചെ നെഞ്ചുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പൊയില്‍ക്കാവ് ടൗണിലെ സന്തോഷ് ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് എന്ന സ്ഥാപനം ഏവര്‍ക്കും പരിചിതമാണ്. പ്രദേശത്തെ വിവാഹ ആഘോഷങ്ങളിലും കലാപരിപാടികളിലുമെല്ലാം ഈ സ്ഥാപനം അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സന്തോഷിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചക്യേലത്ത് ദാമോദരന്റെയും കല്ല്യാണിക്കുട്ടി അമ്മയുടെയും മകനാണ്.

ഭാര്യ: ജയശ്രീ (വി.ഇ.ഒ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്). മക്കള്‍: അഭിഷേക് (ഇന്ത്യന്‍ നേവി), അഭിജിത്ത്(സൗണ്ട് എഞ്ചിനീയര്‍).