ചേമഞ്ചേരി വെറ്റിലപ്പാറയിൽ കക്കൂസ് മാലിന്യമൊഴുക്കി മലപ്പുറം സ്വദേശികൾ; സാഹസികമായി കണ്ടെത്തി വാഹനങ്ങൾ ഉൾപ്പെടെ പൊലീസിൽ ഏൽപ്പിച്ച് ‘ഹരിതം’ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ


ചേമഞ്ചേരി: വെറ്റിലപ്പാറയിൽ മാലിന്യമൊഴുക്കിയ മലപ്പുറം സ്വദേശികൾ പിടിയിൽ. മലപ്പുറം വള്ളുവമ്പ്രം സ്വദേശികളായ ഷൗക്കത്തലി (38), ശിഹാബുദ്ധീൻ (41), ശെയ്ഫുദ്ധിൻ (25) എന്നിവരാണ് പിടിയിലായത്. ഹരിതം റസിഡന്റ്സ് അസോസിയേഷനിലെ യുവപ്രവർത്തകരാണ് ഇവരെ സാഹസികമായി കണ്ടെത്തി പിടികൂടിയത്.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ വെങ്ങളം വരെ കഴിഞ്ഞ കുറേ കാലമായി സ്ഥിരമായി കക്കൂസ് മാലിന്യവും ഹോട്ടൽ മാലിന്യവും ഒഴുക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മാത്രം ഏഴ് തവണയാണ് മലിനജലം ഒഴുക്കിയത്. ഇത്തരത്തിൽ മാലിന്യം തള്ളുന്നതിനെ തുടർന്ന് പ്രദേശത്തെ ജനജീവിതം ദുസ്സഹമായിരുന്നു. ഇതോടെയാണ് യുവ പ്രവർത്തകർ രംഗത്തിറങ്ങിയത്.

സംഘടിതമായി കാവൽ നിന്നാണ് ഇവർ പ്രതികളെ കണ്ടെത്തിയത്. മാലിന്യം കയറ്റി വന്ന ടാങ്കർ ലോറിയും അകമ്പടി വന്ന മാരുതി ആൾട്ടോ കാറും ഉൾപ്പെടെയാണ് മലപ്പുറം സ്വദേശികളെ പിടിച്ചത്. പ്രതികളെയും വാഹനങ്ങളെയും കൊയിലാണ്ടി പൊലീസിന് കൈമാറി.