വിഷുക്കണിവെക്കാന്‍ ശ്രീകൃഷ്ണന്‍ റെഡി; ശ്രീകൃഷ്ണ പ്രതിമകളുമായി പൂക്കാടും സമീപ പ്രദേശങ്ങളിലും പതിവുപോലെ രാജസ്ഥാനികള്‍ സജീവം
ചേമഞ്ചേരി: പ്രതിസന്ധികളെ അതിജീവിച്ച് പൂക്കാട് ശ്രീകൃഷ്ണ പ്രതിമ വില്‍ക്കാന്‍ ഇത്തവണയും രാജസ്ഥാനില്‍ നിന്നും അവരെത്തി. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങിയതോടെ പൂക്കാടുനിന്നും കുടിയിറക്കപ്പെട്ട ഇവര്‍ വിഷുവിന് അടുപ്പിച്ചാണ് ഇപ്പോള്‍ ഇവിടെ എത്തി പ്രതിമ നിര്‍മ്മാണം തുടങ്ങാറുള്ളത്.
വീടുകളില്‍ വിഷുക്കണിവെക്കാന്‍ കൃഷ്ണ വിഗ്രഹങ്ങള്‍ വേണം. വിഷുക്കാലത്ത് പലയിടങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഇവരെ തേടിയെത്താറുണ്ട്.[mid]
വൈറ്റ്‌സിമന്റിലാണ് വിഗ്രഹങ്ങള്‍ തീര്‍ക്കുന്നത്. ഇതിനായി പ്രത്യേകം അച്ചുകളുണ്ട്. വിഗ്രഹങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ നിറം കൊടുക്കലും വെയിലത്ത് ഉണക്കിയെടുക്കലും സ്ത്രീകളുടെ ജോലിയാണ്. അഞ്ഞൂറ് രൂപ മുതലാണ് വിഗ്രഹങ്ങളുടെ വില. വിഷു അടുത്താല്‍ ഉന്തുവണ്ടികളിലായി സമീപ പ്രദേശങ്ങളിലും ഇവര്‍ നേരിട്ട് വില്‍പ്പന നടത്തും.
രാജസ്ഥാന്‍ സ്വദേശികളായ ഇവര്‍ ചേമഞ്ചേരിയിലെത്തിയിട്ട് 25 വര്‍ഷം കഴിഞ്ഞു. അഞ്ച് കുടുംബങ്ങളിലായി അമ്പതോളം പേരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ദേശീയപാത വീതികൂട്ടല്‍ പ്രവൃത്തി ആരംഭിച്ചതോടെ ഇവരില്‍ പല കുടുംബങ്ങളും പെരുവഴിയിലായി. രണ്ട് കുടുംബങ്ങള്‍ മാത്രമാണ് സ്ഥിരമായി പൂക്കാട് താമസിക്കുന്നത്. ബാക്കിയുള്ളവരെല്ലാം സീസണ്‍ അടുപ്പിച്ച് ഇവിടെയെത്തുകയാണ് ചെയ്യുന്നത്.
ഇത്തവണ പുതുതായി ഒരു കുടുംബം കൂടി കച്ചവടത്തിനായെത്തിയിട്ടുണ്ട്. ആദ്യമുണ്ടായിരുന്ന ഒരു കുടുംബത്തിലെ മകളെ വിവാഹം കഴിപ്പിച്ചയച്ച കുടുംബം കൂടിയാണ് കച്ചവടത്തിനെത്തിയത്. കൃഷ്ണ വിഗ്രഹങ്ങളാണ് ഇവര്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്.