ഇനി പടവുകള്‍ കെട്ടിയൊരുക്കും; കൊയിലാണ്ടി മാരാമ്മുറ്റം തെരുമഹാഗണപതി ക്ഷേത്രക്കുളം രണ്ടാംഘട്ട പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: ഇടിഞ്ഞ് പൊളിഞ്ഞ് നാശത്തിന്റെ വക്കിലായിരുന്ന മാരാമ്മുറ്റം തെരു മഹാഗണപതി ക്ഷേത്രക്കുളം നവീകരണത്തിന്റെ രണ്ടാം ഘട്ടം പ്രവൃത്തി ആരംഭിച്ചു. ആദ്യഘട്ടത്തില്‍ കൊളത്തിന്റെ അടിഭാഗം വൃത്തിയാക്കുകയും കല്ല് ഉപയോഗിച്ച് കെട്ടുകയുമാണ് ചെയ്തത്. രണ്ടാം ഘട്ടത്തില്‍ പടവുകള്‍ കെട്ടും.
ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കുളത്തിന്റെ ഒന്നാം ഘട്ടം നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കുളത്തിന്റെ നവീകരണ – നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കാന്‍ എണ്‍പത് ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്. ആദ്യ ഘട്ട പ്രവൃത്തികള്‍ക്കായി പതിനഞ്ച് ലക്ഷം രൂപയോളം ചെലവഴിച്ച് കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്ന രണ്ടാം ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് പത്ത് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നവീകരണ പ്രവൃത്തികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ബന്ധപ്പെട്ട വകുപ്പധികൃതര്‍ക്ക് നേരത്തെ തന്നെ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നാളിതുവരെ നടപടികള്‍ ഉണ്ടായില്ല. ഇക്കാരണത്താല്‍ നാട്ടുകാരുടെ സഹായത്തോടെ ക്ഷേത്രക്കമ്മിറ്റി മുന്‍കൈയെടുത്ത് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.
ഏകദേശം ഇരുപത് സെന്റ് വരുന്ന ക്ഷേത്രഭുമിയില് വ്യാപിച്ച് കിടക്കുന്ന കുളത്തിന് മുന്നൂറ് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വാസം. സമീപ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സ് കൂടിയാണിത്.