ദുനിയാവിന്റെ മോഹന വലയത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത് | റമദാൻ സന്ദേശം 17 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

അല്ലാഹു ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചത് അവനെ ആരാധിക്കാനും നന്ദിയോടെ ജീവിക്കാനുമാണ്.നാം ജീവിക്കുന്ന സുഖാഡംബരങ്ങൾ നിറഞ്ഞ ദുനിയാവ് നശ്വരമാണ്.അതിന്റെ കൺകുളിർമയുളള മോഹനഗേഹത്തിൽ വിശ്വാസികൾ വഞ്ചിതരാവരുത്. മുആവിയ (റ) ളിറാർ എന്ന മഹാനോട് ചോദിച്ചു: ളിറാർ,അലി എന്നവരെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ.ളിറാർ പറഞ്ഞു: അദ്ദേഹം അതീവ ശക്തിമാനായിരുന്നു. ഖണ്ഡിതമായ കാര്യങ്ങൾ പറയാൻ അദ്ദേഹത്തിന് കഴിയും, നീതിയെ വിധിക്കൂ, വിജ്ഞാനം തൻ്റെ സർവ്വഭാഗങ്ങളിൽ നിന്നും നിർഗളിക്കും, ജ്ഞാനം തൻ്റെ വായയിൽ സരളമായി ഒഴുകും. ഭരണാധികാരിയായിട്ട് പോലും ഇഹലോകത്തിന്റെ ആഡംബരങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നു.

രാവിനെയും ഏകാന്തതയേയും അദ്ദേഹം ഇഷ്ടപ്പെട്ടു. അല്ലാഹുവിനെ ഓർത്ത് ഏറെ കണ്ണീരൊഴുക്കി. വസ്ത്രത്തിൽ വളരെ വിലകുറഞ്ഞതു മാത്രം ഇഷ്ടപ്പെട്ടു. അതിവിശാലമായ സാമ്രാജ്യത്തിന്റെ അധിപനയിട്ടും ജനങ്ങളിൽ ഒരാളായി ജീവിച്ചു. എന്ത് ചോദിച്ചാലും ഉത്തരം അവിടെയുണ്ടായിരുന്നു.ദീനിനോടടുത്തവരെ അദ്ദേഹം വളരെ ബഹുമാനിച്ചു. അദ്ദഹത്തിന്റെ കൂട്ടുക്കാരിൽ കൂടുതലും പാവങ്ങളുമായിരുന്നു. സമ്പന്നന് അനുകൂലമായി അദ്ദേഹം വിധിക്കാറില്ല. തന്റെ നീതിയുടെ കവാടമാകട്ടെ ദുർബലനു വേണ്ടി എന്നും തുറക്കപ്പെട്ടതായിരുന്നു.

അള്ളാഹു തന്നെയാണ് സത്യം, രാത്രിയുടെ യാമങ്ങളിൽ ഞാൻ ഒരിക്കൽ അദ്ദേഹത്തെ കണ്ടു. തന്റെ താടി പിടിച്ചു വലിച്ചുകൊണ്ട്, സർപ്പദംശനമേറ്റ് കിടക്കപ്പായയിൽ വേദനയാൽ പുളയുന്നത് പോലെ അദ്ദേഹം കരഞ്ഞുകൊണ്ട് പറയുകയാണ്.അധികാരമാക്കുന്ന ദുനിയാവേ നീ എന്നെ വഞ്ചിച്ചോളൂ. നീ എന്റെ അധികാരത്തിലേക്ക് താല്പര്യപ്പെട്ടു വന്നതെന്തിനാണ്. ഞാൻ മൂന്നു വട്ടം നിന്നെ മൊഴി ചൊല്ലിയതല്ലേ. പിന്നെ അദ്ദേഹം സ്വന്തം ശരീരത്തോടായി അഭിസംബോധന ചെയ്തു.

പ്രിയപ്പെട്ട അലി, നിന്റെ ആയുസ്സ് എത്ര തുച്ഛമാണ്.പരലോക യാത്രക്കുള്ള നിന്റെ പാഥേയമാവട്ടെ വളരെ ചുരുക്കവും, യാത്രയാകട്ടെ വളരെ വിദൂരവും,സഹയാത്രികരായി ആരും തന്നെയില്ല. അതും പറഞ്ഞു ളിറാർ (റ നിർത്തി. ഇതുകേട്ട മുആവിയ (റ) കണ്ണീരോടെ പറഞ്ഞു: അതെ,അദ്ദേഹം അങ്ങനെ തന്നെയായിരുന്നു.അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു.

നമുക്ക് മുമ്പേ ജീവിച്ചു മൺമറഞ്ഞുപോയ മഹാന്മാരെല്ലാം തന്നെ ഐഹിക ലോകത്തിന്റെ ശീതളിമയാർന്ന വാഗ്ദാനങ്ങളിൽ നിന്നെല്ലാം അകലം പാലിച്ചവരായിരുന്നു.എങ്കിൽ അല്ലാഹുവിനെ ഓർക്കാനും അവനെ ആരാധിക്കാനുമുള്ള മാനസികാവസ്ഥ വിശ്വാസിക്ക് കൈവരികയുള്ളൂ.


മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…