ഓട്ടവും ചാട്ടവും, കായിക മേഖലയിലെ ഇഷ്ട ഇനത്തിൽ മികച്ച പരിശീലനം നേടാൻ അവസരം; ജില്ലയിൽ അവധിക്കാല അത്ലറ്റിക്സ് പരിശീലന ക്യാംപ്, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലാ അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ അവധിക്കാല അത്ലറ്റിക്സ് പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 25 മുതൽ ജില്ലയിലെ 11 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലനമാണ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടിയും കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം.അബ്ദുറഹിമാനും പറഞ്ഞു.
കരിയാത്തൻകാവ്, മെഡിക്കൽ കോളജ്, പൊയിൽക്കാവ്, കടലുണ്ടി, കല്ലാനോട്, പുതുപ്പാടി, ഒളവണ്ണ, എളേറ്റിൽ, പറമ്പിൽ ബസാർ, കുന്നമംഗലം, കിനാലൂർ എന്നിവിടങ്ങളിലാണ് ക്യാംപുകൾ. 150 രൂപയാണ് ക്യാംപ് ഫീസായി ഇടാക്കുന്നത്. 50 വിദ്യാർഥികൾക്കാണ് ഒരു ക്യാംപിൽ പ്രവേശനം. ജഴ്സി, ലഘുഭക്ഷണം എന്നിവ നൽകും. കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ജില്ലാതല ഉദ്ഘാടനം 25 ന് നടക്കും. താത്പര്യമുള്ളവർ 20 ന് അകം 9745819485 നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യണം.