വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന, കണ്ടെടുത്തത് രണ്ടരലക്ഷം വിപണിമൂല്യമുള്ള 8.76 ഗ്രാം ബ്രൌണ്‍ ഷുഗര്‍; അറസ്റ്റിലായ പന്തീരങ്കാവ് സ്വദേശിയുടെ പേരില്‍ ജില്ലക്കകത്തും പുറത്തും നിരവധി കേസുകള്‍ 


പന്തീരങ്കാവ്: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പന്തീരങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടില്‍ പ്രദീപനെ(38)യാണ് നാര്‍ക്കാട്ടിക് സെല്‍ അസിസ്റ്റന്റ് കമീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരങ്കാവ് സബ് ഇന്‍സ്പെക്ടര്‍ വി.എല്‍ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍വന്ന് പിടികൂടിയത്.  8.76 ഗ്രാം ബ്രൌണ്‍ ഷുഗറാണ് ഇയാള്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

കോഴിക്കോട്ടെ ചേവായൂര്‍, ഫറോക്ക്, കുന്നമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലും മലപ്പുറം, എറണാകുളം, തൃശ്ശൂര്‍ എന്നിങ്ങനെ വിവിധ ജില്ലകളിലുമായി അറസ്റ്റിലായ പ്രദീപന്റെ പേരില്‍ മുപ്പതോളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നിഗമനം. ചില്ലറ വിപണിയില്‍ രണ്ടരലക്ഷത്തോളം വിലവരുന്ന ബ്രൌണ്‍ ഷുഗറാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്.

പന്തീരങ്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍.ഗണേശ് കുമാര്‍, ഡാന്‍സാഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന്‍, എസ്സിപിഒ അഖിലേഷ്.കെ, അനീഷ് മൂസന്‍വീട്, സിപിഒമാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, പന്തീരങ്കാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ടി.വി.ധനഞ്ജയദാസ്, സിപിഒമാരായ പി.ശ്രീജിത്ത് കുമാര്‍, എം.രഞ്ജിത്ത്, ശാലിനി, ശ്രുതി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രദീപനെ വലയിലാക്കിയത്.