നിരോധിത പേപ്പര്‍ കപ്പ് 58000, പ്ലാസ്റ്റിക് പ്ലേറ്റ് 36 കിലോ…. കൊയിലാണ്ടിയിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടിച്ചെടുത്ത് നഗരസഭ
കൊയിലാണ്ടി: കൊയിലാണ്ടിയിലെ കച്ചവട സ്ഥാപനങ്ങളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗവും ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള എന്‍ഫോഴ്സ്മെന്റ് സ്കോഡും സംയുക്തമായാണ് പരിശോധന നടത്തിയത്.
കൊയിലാണ്ടി നഗരത്തിലെ വിവിധ കച്ചവട സ്ഥാപനങ്ങളില്‍നിന്നും ഹോള്‍സെയില്‍ സ്ഥാപനങ്ങളില്‍ നിന്നുമായി നിരോധിത പേപ്പര്‍ കപ്പ് 58000 എണ്ണം, പ്ലാസ്റ്റിക് പ്ലേറ്റ് 36 കിലോ, പ്ലാസ്റ്റിക് ക്യാരി ബാഗ് 34 കിലോ എന്നിവ പിടിച്ചെടുത്ത് നഗരസഭയുടെ എം.സി.എഫിലേക്ക് നീക്കം ചെയ്തു.
എക്സ്ട്രാ ഹൈപ്പര്‍ മാര്‍ക്കറ്റ്, ന്യൂ കാലിക്കറ്റ് സൂപ്പര്‍മാര്‍ക്കറ്റ്, ബിഗ് ബസാര്‍ ട്രേഡേഴ്സ്, ന്യൂ എക്സ്പ്രസ്സ് മാര്‍ട്ട്, മില്മാസ് സ്റ്റേഷനറി എന്നിവിടങ്ങളില്‍ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
സര്‍ക്കാര്‍ ഉത്തരവ് മുഖേന നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിക്കും പൊതുജനാരോഗത്തിനും ഹാനികരമായതിനാല്‍ പരിശോധന കര്‍ശനമായി തുടരുമെന്നും, ആദ്യഘട്ടത്തില്‍ പിഴ ചുമത്തുകയും തുടര്‍ന്നും കുറ്റം ആവര്‍ത്തിക്കുന്ന മുറയ്ക്ക് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.