‘ഇല്ലാ അങ്ങ് മരിക്കുന്നില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…’; അരിക്കുളത്തിന്റെ സ്വന്തം എം.ജി.നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര് പ്രണാമവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
അരിക്കുളം: മാവട്ട് തിരുമംഗലത്തടത്തില് ഗംഗാധരന് നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര് പ്രണാമവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അരിക്കുളത്തെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, അതിന് വേണ്ടി അഹോരാത്രി പ്രവര്‍ത്തിക്കുകയും ചെയ്ത ധീരനായ കോണ്‍ഗ്രസ്സ് നേതാവ്, ആരെയും കൂസാതെ സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ശൈലി തന്നെയായിരുന്നു.
അതുകൊണ്ട് മറ്റു രാഷ്ട്രീയക്കാര്‍ക്ക് പോലും അദ്ധേഹത്തിന്റെ മുന്പില് പിടിച്ചു നില്ക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ആര്‍ക്കും ഏത് സമയത്തും അദ്ദേഹത്തിന്റെ വീട്ടില്‍ പോയി എന്ത് കാര്യവും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മാവട്ടെ കോണ്‍ഗ്രസ്സിന്റെ ആസ്ഥാനവും എം.ജി.യുടെ ഭവനം തന്നെയായിരുന്നു. നിരവധി പാര്‍ട്ടി പരിപാടികള്‍ ഇവിടെ വെച്ച് നടന്നിട്ടുണ്ട്.
ഒരു ദിവസം പോലും സഹപ്രവര്‍ത്തകരെ കണ്ടിട്ടില്ലെങ്കില്‍ ഫോണ്‍ വിളിച്ച് അന്വേഷിക്കുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിനെന്ന് പ്രവര്‍ത്തകര്‍ ഓര്‍ത്തു. മികച്ച സംഘാടകന്‍, പാര്‍ട്ടിയുടെ മുന്നണി പോരാളി എല്ലാറ്റിലും എം.ജി. എന്നും മുന്പില് തന്നെ. സ്വാര്‍ത്ഥ ചിന്താഗതികളോ, അധികാര മോഹമോ ഇല്ലാത്ത മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം.
പഞ്ചായത്ത് മെമ്പര്‍ എന്ന നിലയിലും അദ്ദേഹം തന്റെ കരുത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. നിലപാടുകള്‍ കാരണം പലപ്പോഴും ഏകനായിട്ടുണ്ടെങ്കിലും സ്വന്തം നിലപാടില്‍ തന്നെ എം.ജി. ഉറച്ചു തന്നെയാണ് നിന്നിരുന്നത്. യൂത്ത് കെയറിനു വേണ്ടി വീട് വാര് റൂമായി നല്‍കിയും, യൂത്ത് കോണ്‍ഗ്രസ്റ്റ്, ദലിത് കോണ്‍ഗ്രസ്സ്, കെ.എസ്.യു. ഉള്‍പ്പെടെ എല്ലാ പോഷക സംഘടനകള്‍ക്കും എല്ലാ പിന്തുണകളും, സഹായങ്ങളും, നല്കി ഏപ്പോഴും മുന്നണി പോരാളിയായി എന്നും
കൂടെ തന്നെയുണ്ടാവുമായിരുന്നു അദ്ദേഹമെന്ന കാര്യങ്ങളെല്ലാം വിയോഗ വേളയില്‍ സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുത്തു.
പ്രസ്ഥാനത്തിന് എം.ജി. നല്കിയ കരുത്തും, പ്രചോദനവും, പകര്‍ന്നു നല്കിയ ധീരമായ നിലപാടുകളും, ആശയങ്ങളും എന്നും ഞങ്ങള്‍ക്ക് ഊര്‍ജ്ജവും, കരുത്തും പകരുമെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.