ഇംഗ്ലീഷറിയാത്തവര്‍ക്കും ഇനി ഈസിയായി ഇമെയ്ല്‍ കൈകാര്യം ചെയ്യാം; പ്രാദേശിക ഭാഷകളിലും ഇ-മെയിൽ വിലാസം ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഇനിമുതൽ പ്രാദേശികഭാഷകളിലും ഇ-മെയിൽ വിലാസം ലഭ്യമാകും. ഇംഗ്ലീഷ് വശമില്ലാത്തവർക്കും അനായാസം ഇന്റർനെറ്റ് ഉപയോഗിക്കാൻ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇ-മെയിൽ വിലാസം പ്രാദേശികഭാഷയിലും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.
സാർവത്രിക സ്വീകാര്യത (യൂണിവേഴ്സൽ അക്സപ്റ്റൻസ്) ദിനത്തോടനുബന്ധിച്ചാണ് ഇത്തരമൊരു പ്രഖ്യാപനം. പുതിയ സംവിധാനം ഒരുമാസത്തിനകം രാജ്യത്തുടനീളം പദ്ധതി നടപ്പാക്കുമെന്ന് ഐ.ടി. അഡീഷണൽ സെക്രട്ടറി ഭുവനേശ് കുമാർ അറിയിച്ചു.
നിലവിൽ ഇംഗ്ലീഷിലല്ലാതെ മറ്റ് ഭാഷകളില്‍ ഇ-മെയിലോ, ഡൊമെയ്ൻ നാമങ്ങളോ നമുക്ക് തയ്യാറാക്കാന്‍ സാധിക്കില്ല. എന്നാല്‍ പദ്ധതി നടപ്പാകുന്നതോടെ സർക്കാർ വെബ്സൈറ്റുകളിൽ ഉൾപ്പെടെ മുഴുവന്‍ വെബ്സൈറ്റുകളിലും എല്ലാ ഇന്ത്യന്‍ഭാഷകളിലുമുള്ള സേവനം ലഭ്യമാകും.
ഇന്റർനെറ്റ് കോർപ്പറേഷൻ ഫോർ അസൈൻഡ് നെയിംസ് ആൻഡ് നമ്പേഴ്‌സ് (ഐ.സി.എ.എൻ.എൻ.), യൂണിവേഴ്‌സൽ അക്സപ്റ്റൻസ് സ്റ്റിയറിങ് ഗ്രൂപ്പ് (യു.എ.എസ്.ജി.), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ.) എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.