കൊല്ലം അരയന്‍കാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി; പിഷാരിക്കാവിലേക്കുള്ള ഭഗവതിയുടെ പുറപ്പാട് 31 ന്


കൊയിലാണ്ടി: കൊല്ലം അരയന്‍കാവ് ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. മഹോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അധ്യാത്മിക പ്രഭാഷണങ്ങളും അരങ്ങേറും. നാളെ മുതലാണ് കലാപരിപാടികള്‍ ആരംഭിക്കുന്നത്.

25 ന് രാത്രി ഏഴ് മണിക്ക് ആധ്യാത്മിക പ്രഭാഷണം നടക്കും. 26 ന് വൈകുന്നേരം നാല് മണിക്ക് ഓട്ടന്‍തുള്ളലും 27 ന് രാത്രി ഒമ്പത് മണിക്ക് നാട്ടരങ്ങും നടക്കും.

28 ന് ചെറുതാഴം മനോജ്, ചെറുതാഴം വിപിന്‍ രാമചന്ദ്രന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഇരട്ട തായമ്പകയും രാത്രി ഒമ്പതിന് ആതിരാകൃഷ്ണന്‍ നയിക്കുന്ന ഗാനമേളയും അരങ്ങിലെത്തും. 29 ന് വൈകുന്നേരം നാല് മണി ഇളനീര്‍ കുലവരവും ആറ് മണിക്ക് താലപ്പൊലി എഴുന്നള്ളിപ്പും നടക്കും. രാത്രി 9.30 ന് ശ്രീജീഷ്, കീര്‍ത്ത എന്നിവര്‍ നയിക്കുന്ന ഗാനമേള, രാത്രി 12 മണിക്ക് ശേഷം നാന്തകം എഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

30 ന് വൈകുന്നേരം നാല് മണിക്ക് പിഷാരികാവിലേക്ക് വെള്ളിക്കുട വരവും 31ന് കളിയാട്ട വാദ്യമേളത്തോടെ പിഷാരിക്കാവിലേക്കുള്ള ഭഗവതിയുടെ പുറപ്പാടും നടക്കും.