നടന ഗുരുനാഥന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മയില്‍ നാട്; രണ്ടാം ചരമവാർഷികത്തില്‍ അനുസ്മരണ പരിപാടിയുമായി പൂക്കാട് കലാലയം
ചേമഞ്ചേരി: നാടിന്റെ നടന ഗുരുനാഥന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ രണ്ടാം ചരമവാർഷികം പൂക്കാട് കലാലയത്തില്‍ ഗുരുവരം അനുസ്മരണ പരിപാടിയായി നടന്നു. മാര്‍ച്ച് 15 ബുധനാഴ്ച കാലത്ത് എട്ട് മണിക്ക് പൂക്കാട് കലാലയ പരിസരത്ത് ദീപ പ്രകാശനവും പുഷ്പാര്‍ച്ചനയും നടന്നു.
കലാലയം വിശിഷ്ടാംഗം ജ്യോതി ബാലന്‍ ഗുരുവിന്റെ ഛായാചിത്രത്തിനു മുന്നില്‍ വിളക്കുതെളിയിച്ചു. അനുസ്മരണ സദസ്സില്‍ യു.കെ.രാഘവന്‍, ഡോ.എന്‍.വി.സദാനന്ദന്‍, വിജയരാഘവന്‍ ചേലിയ എന്നിവര്‍ ഗുരുവിന്റെ കലാജീവിതത്തിന്റെ വ്യത്യസ്ത മേഖലകള്‍ അനുസ്മരിച്ച് ഭാഷണം നടത്തി. കണ്‍വീനര്‍ എം.പ്രസാദ് സ്വാഗതം പറഞ്ഞു.
കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം സുന്ദര്‍ നന്ദി രേഖപ്പെടുത്തി. കാവില്‍ പി.മാധവന്‍, സി.വി.ബാലകൃഷ്ണന്‍, കെ.ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ എട്ടിന് നൃത്ത പഠനകേമ്പ്, സാംസ്‌കാരിക സമ്മേളനം, അവാര്‍ഡ് സമര്‍പ്പണം എന്നിവ നടക്കും.
പ്രശസ്ത നര്‍ത്തകിയും കലാപ്രവര്‍ത്തകയുമായ നയന്‍താര മഹാദേവന് ഗുരുവിന്റെ സ്മരണയ്ക്കായുള്ള ഗുരുവരം പുരസ്‌കാരം സമര്‍പ്പിയ്ക്കും. ഡോ.ഭരതാഞ്ജലി മധുസൂദനന്‍, കലാമണ്ഡലം പ്രേംകുമാര്‍, ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അവാര്‍ഡ് ശില്പം, പ്രശസ്തിപത്രവും പതിനായിരത്തിയൊന്ന് രൂപയും ചേര്‍ന്നതാണ് പുരസ്‌ക്കാരം.