കൂടിളകിയെത്തിയ കാട്ടുതേനീച്ചയുടെ കുത്തേറ്റു; വേളം ശാന്തിനഗറില്‍ ആറുപേര്‍ക്ക് പരിക്ക്
വേളം: വേളം ശാന്തിനഗറില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കൂടിളകിയെത്തിയ കാട്ടുതേനീച്ചകള് കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തില്‍ എടമണ്ണില്‍ സൂപ്പി (72), മേനോക്കി മണ്ണില്‍ നിസാര്‍ (36), വേളം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന് വി യാസിര്‍ (38), എടത്തില്‍ കൃഷ്ണന് (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്നാന് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ എടമണ്ണില്‍ സൂപ്പിയുടെ പരിക്ക് ഗുരുതരമാണ്. റോഡിലൂടെ നടന്നുപോകുന്നതിനിടയിലാണ് സൂപ്പിക്ക് കുത്തേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ക്ക് കുത്തേല്‍ക്കുന്നത്. പരിക്കേറ്റവരെ കുറ്റ്യാടി താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.