മോഷ്ടിച്ച ഫോണില്‍നിന്ന് കടയിലെ ജീവനക്കാരിയെ വീഡിയോകോള്‍ ചെയ്തു; നല്ലളത്ത് മോഷ്ടാവ് പിടിയില്‍


ഫറോക്ക്: മോഷ്ടിച്ച ഫോണില്‍നിന്ന് കടയിലെ ജീവനക്കാരിയെ വീഡിയോകോള്‍ചെയ്ത കള്ളനെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. താനൂര്‍ പുത്തന്‍തെരു പ്രദീപനെ(43)യാണ് നല്ലളം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സിലെ അഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള എഫ്.എം. ട്രേഡേഴ്‌സില്‍ ബുധനാഴ്ച രാത്രി മോഷണം നടന്നിരുന്നു. കടയുടെ പൂട്ടുതകര്‍ത്ത മോഷ്ടാവ് പണവും മൊബൈയിലും കവര്‍ന്നു. പോലീസും വ്യാപാരികളും സി.സി.ടി.വി. നോക്കി മോഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് ഫറോക്ക് റെയില്‍വേ പരിസരത്തുനിന്ന് മോഷ്ടിച്ച ഫോണ്‍ ഉപയോഗിച്ച് പ്രദീപന്‍ വിളിക്കുന്നത്.

സ്ഥലം വ്യക്തമായതോടെ കടയിലെ ജീവനക്കാരുംമറ്റും ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെത്തി ഇയാളെ പിടികൂടി. നല്ലളം സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.കെ. രഞ്ജിത്തും സംഘവും കസ്റ്റഡിയിലെടുത്തു.