അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ പേ ബാധ സ്ഥിരീകരിച്ചു, നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം


പയ്യോളി: അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. എരഞ്ഞിവളപ്പില്‍ ക്ഷേത്ര പരിസരം, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, സേവന നഗര്‍ എന്നിവിടങ്ങളിലായി മൂന്ന് പേരെ കടിച്ച നായയെയാണ് കുറിഞ്ഞിത്താരയ്ക്ക് സമീപം ചത്തനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. പിഞ്ചുബാലനും പതിനഞ്ചുകാരിക്കും 55 കാരിക്കുമാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് വച്ചാണ് മൂവര്‍ക്കും നായയുടെ കടിയേറ്റത്. പ്രദേശത്തെ നിരവധി പൂച്ചകളെയും വളര്‍ത്തുനായകളെയും ഈ നായ കടിച്ചതായാണ് വിവരം.

പയ്യോളി മുന്‍സിപ്പാലിറ്റി അധികൃതരും വെറ്റിനറി ഡോക്ടറും സ്ഥലത്തെത്തി നായയുടെ ജഡം പ്രാഥമികമായി പരിശോധിച്ചു. തുടര്‍ന്ന് ഇവരുടെ നിര്‍ദ്ദേശപ്രകാരം നായയുടെ ജഡം കണ്ണൂരില്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്ക് അയച്ചു. പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

പേവിഷബാധയുള്ള നായ വളര്‍ത്ത് മൃഗങ്ങളെ ഉള്‍പ്പെടെ കടിച്ചതിനാല്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭാംഗം ഷൈമ ശ്രീജു അറിയിച്ചു. ഇത്തരം ജീവികളോട് ഇടപഴകുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് ജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.