‘ഞങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കായി ഏത് ആപല്‍ ഘട്ടത്തിലും രക്തം ദാനം ചെയ്യാന്‍ ഞങ്ങള്‍ എല്ലായ്‌പോഴും തയ്യാറാണ്, രക്തദാനത്തിലൂടെ മനുഷ്യ സ്‌നേഹം വ്യാപരിപ്പിക്കും’; പ്രണയ ദിനത്തില്‍ പ്രതിജ്ഞയെടുത്ത് പാലേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍


പാലേരി: പ്രണയ ദിനത്തില്‍ സ്‌നേഹിക്കുന്നവര്‍ക്കായി രക്തം ദാനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത് പാലേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികള്‍. പ്രണയ ദിനത്തില്‍ വേറിട്ട മാതൃകയായി നടന്ന രക്ത ദാന-ഗ്രൂപ്പ് നിര്‍ണ്ണയ ഏകദിന ക്യാമ്പിന്റെ ഭാഗമായാണ് ഇരുന്നൂറോളം ഐഡിയല്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞയെടുത്തത്.

‘സഹജീവികള്‍ തമ്മിലുള്ള പ്രണയവും സ്‌നേഹവുമാണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പിന്റെ ആധാരമെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഈ സന്തോഷ സുദിനത്തില്‍ ഞങ്ങള്‍ ഐഡിയല്‍ കോളേജിലെ മാതൃകാ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിജ്ഞയെടുക്കുകയാണ്. ഞങ്ങളെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കായി ഏത് ആപല്‍ ഘട്ടത്തിലും രക്തം ദാനം ചെയ്യാന്‍ ഞങ്ങള്‍ എല്ലായ്‌പോഴും തയ്യാറാണ്. ഇത് ഞങ്ങള്‍ ഭൂമിയിലെ സഹജീവികള്‍ക്ക് നല്‍കുന്ന ഒരു സമ്മാനമാണ്. രക്തദാനത്തിലൂടെ മനുഷ്യ സ്‌നേഹം വ്യാപരിപ്പിക്കുമെന്ന് ഞങ്ങള്‍ ഒന്നടങ്കം പ്രതിജ്ഞയെടുക്കുന്നു’. ഐഡിയല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഹനീന റഹ്മാന്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കോളേജിലെ ബ്ലഡ് ആര്‍മി പ്രവര്‍ത്തകരും, അധ്യാപകരും ഏറ്റുചൊല്ലി.

പ്രണയ ദിനത്തില്‍ വേറിട്ട മാതൃകയായി നടന്ന രക്ത ദാന – ഗ്രൂപ്പ് നിര്‍ണ്ണയ ഏകദിന ക്യാമ്പിന്റെ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ പരിപാടിക്ക് പാലേരി കെ.എം.സി ഹെല്‍ത്ത് ക്ലിനിക്ക് ഡയറക്ടര്‍ ഡോ. അന്‍ഷിദ പാലേരി നേതൃത്വം നല്‍കി. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ മധ്യ മേഖലാ സോണല്‍ പ്രസിഡന്റ് അരുണ്‍ മഞ്ചേരി, കോഡിനേറ്റര്‍ മുബഷിറ എന്നിവര്‍ രക്ത ദാനത്തിന്റെ മഹത്വം എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

ഐഡിയല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെയും ബ്ലഡ് ആര്‍മിയുടെയും ആഭിമുഖ്യത്തില്‍ ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിന്റേയും, പാലേരി കെ.എം.സി ഹെല്‍ത്ത് ക്ലിനിക്കിന്റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഈ മാസം 21 ന് കോളേജില്‍ നിന്ന് 100 പേരുടെ രക്തം ബ്ലഡ് ബാങ്ക് യൂണിറ്റ് നേരിട്ട് വന്ന് ശേഖരിക്കും.

പ്രിന്‍സിപ്പള്‍ ഡോ. ജവഹര്‍ലാല്‍ പി.എം. പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പള്‍ കെ. നസീം അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ്‌സ് യൂണിയന്‍ ചെയര്‍മാന്‍ മിര്‍സാബ് എ.പി, യൂണിയന്‍ ഉപദേശകരായ ആരിഫ് വലകെട്ട്, ഫാത്തിമ എന്‍.എം, ബ്ലഡ് ആര്‍മി കോഡിനേറ്റര്‍ നസീഫ് അലി, ട്രോമ കെയര്‍ വിംഗ് കോഡിനേറ്റര്‍ അമൃത, പാലിയേറ്റീവ് കെയര്‍ കോഡിനേറ്റര്‍ റിസ് ലത്ത്, അബ്ദുള്‍ മുസബ്ബിര്‍ എന്നിവര്‍ പ്രസംഗിച്ചു.