പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രം സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍
മലപ്പുറം: മലപ്പുറം കാളികാവില്‍ സ്ത്രീകളുടെ നഗ്‌നചിത്രം നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യുവാവിനെ പോലീസ് പിടികൂടി. അകമ്പാടം ഇടിവെണ്ണ സ്വദേശി തയ്യില്‍ ദില്‍ഷാദ് (22)ആണ് പിടിയിലായത്. കാളികാവ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇയാള്‍ പരിചയക്കാരായ യുവതികളുടെയും ബന്ധുക്കളുടേതുമടക്കമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് നഗ്‌നചിത്രം നിര്‍മ്മിക്കുന്നത്. ഇങ്ങനെ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ അതിനു ശേഷം സോഷ്യല്‍മീഡിയ വഴിയും ഓണ്‍ലൈന്‍ വഴിയും പ്രദര്‍ശിപ്പിച്ചതായാണ് പരാതി. പ്രതി നേരത്തേയും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടതായും സ്വന്തം ബന്ധുക്കളെ വരെ കരുവാക്കിയതായും പോലീസ് കണ്ടെത്തി.
കാളികാവ് സി ഐ. എം ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എസ് ഐ സുബ്രമണ്യന്‍, സി പി ഒമാരായ അന്‍സാര്‍, അജിത്, ജിതിന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.