വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്; പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗത്തിന്റെ പരിശോധന, 62 രേഖകള്‍ സീല്‍ ചെയ്തു
നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാാദിച്ചെന്ന കേസില്‍ നിലമ്പൂരില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ പരിശോധന. കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ്സ്റ്റേഷനിലെ ഡ്രൈവറായ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്ത് താമസക്കുന്ന സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഇയാളുടെ വീട്ടില്‍ നിന്നും 62 രേഖകള്‍ വിജിലന്‍സ് സംഘം സീല്‍ചെയ്തു. വീട്ടില്‍ പരിശോധന തുടരുന്നതിനിടയില്‍ത്തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി.
രണ്ട് ഡിവൈ.എസ്.പി.മാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം എസ്.പിക്കൊപ്പമുണ്ടായിരുന്നു. സക്കീര്‍ ഹുസൈന്‍ മുന്‍പ് മലപ്പുറം എസ്.പി. ഓഫീസില്‍ ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.