‘മൂപ്പര് ഇന്റര്‍വെല്‍ ബെല്ലടിച്ചപ്പോള്‍, ലഞ്ചിന്റേതാണെന്ന് കരുതി ഓടി പോന്നതാ, എന്തായാലും ഭക്ഷണം കഴിച്ചോട്ടെ എന്നിട്ട് ഞാന്‍ കൊണ്ടോകാം’; കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പപ്പൻ മാസ്റ്ററെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് | അരുൺ മണമൽ എഴുതുന്നു
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ പ്രധാനാധ്യാപകനും കലാ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പപ്പൻ മാസ്റ്ററുടെ പതിനെട്ടാം ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അദ്ദേഹത്തിന്റെ ഓർമ്മകളെ അയവിറക്കിക്കൊണ്ട് കുറുവങ്ങാട് ശക്തി തിയറ്റേഴ്സ് അനുസ്മരണ പരിപാടി നടത്തിയിരുന്നു.
കലാ-സാംസ്കാരിക പ്രവർത്തകൻ എന്നത് പോലെ തന്നെ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു ഇ.കെ.പി എന്ന് വിളിക്കുന്ന പപ്പൻ മാഷ്. അദ്ദേഹത്തെ കുറിച്ചുള്ള രസകരമായ ഓർമ്മക്കുറിപ്പ് പങ്കുവയ്ക്കുകയാണ് കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന അരുൺ മണമൽ.
സ്കൂൾ വിടുന്നതിന് മുന്നേ വീട്ടിലേക്ക് ഓടിപ്പോയ തന്നെ തേടി പപ്പൻ മാഷ് വീട്ടിലെത്തിയതിന്റെ കഥയാണ് അരുൺ ഫേസ്ബുക്കിൽ പങ്കുവച്ചത്. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൽ നടന്ന അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്താനുള്ള അവസരം ലഭിച്ചെന്നും അരുൺ മണമൽ കുറിപ്പിൽ പറഞ്ഞു.
അരുൺ മണമലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
ബെല്ലടിച്ചു. കുട്ടികളെല്ലാവരും പുറത്തേക്കിറങ്ങി, ഞാന്‍ ഒറ്റയോട്ടമായിരുന്നു. കുറച്ച് ദൂരം കഴിഞ്ഞാണ് തിരിഞ്ഞ് നോക്കിയത്. പിന്നില്‍ അടുത്തൊന്നും ആരുമില്ല. മുന്നിലുമില്ല. ഇന്ന് ഞാനാണ് ജേതാവ്. സാധാരണ രതീഷും സച്ചുവും സനലും അഭിയുമൊക്കെ എന്റെ മുന്നിലായിരിക്കും.
വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ ചോദ്യം ‘ ഇന്നെന്താ ഇത്ര നേരത്തെ?’
‘ബെല്ലടിച്ചു, ഞാനിങ്ങ് വന്നു’
എന്തുകൊണ്ടോ അമ്മ മറുത്തൊന്നും ചോദിച്ചില്ല, ‘ചോറാകുന്നതേയുള്ളൂ, കുറച്ച് സമയമെടുക്കും’ എന്ന മറുമൊഴി മാത്രം വന്നു.
കോലായില്‍ ചോറും കാത്ത് ഞാനിരുന്നു. പെട്ടെന്ന് കഴിക്കണം. അപ്പോഴേക്കും രതീഷും സച്ചുവുമൊക്കെ എത്തും, കുറച്ച് നേരം ക്രിക്കറ്റ് കളിക്കണം. ഒന്നേ മുക്കാലായാല്‍ തിരിച്ച് സ്‌കുളിലേക്കോടണം.
ഏതാണ്ട് അര-മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞുകാണണം, അടുത്തവീട്ടിലെ കാര്‍ത്ത്യായിനി അമ്മ അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടു. വേഗം തന്നെ തിരിച്ച് പോയി, അതിരിന്റെ അടുത്തുള്ള കുറക്കന്‍ മാവിന്റെ ചോട്ടില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.
‘മാഷേ ആളിവിടെ തന്നെയുണ്ട്, ഇങ്ങ് പോരീ…’
ദേ, വെളുത്ത ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച ഒരു മനുഷ്യന്‍ ഉച്ചത്തില്‍ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ആളെ മനസ്സിലായി, പപ്പന്‍ മാഷ്, ഇ കെ പി എന്ന് നാട്ടുകാര്‍ വിളിക്കും, എന്റെ ഹെഡ്മാഷ്.
അമ്മ അടുക്കളയില്‍ നിന്ന് ഓടി വന്നു. മാഷ് എന്റെ തോളില്‍ കൈവെച്ച് അമ്മയോട് പറഞ്ഞു.
‘മൂപ്പര് ഇന്റര്‍വെല്‍ ബെല്ലടിച്ചപ്പോള്‍, ലഞ്ചിന്റേതാണെന്ന് കരുതി ഓടി പോന്നതാ, എന്തായാലും ഭക്ഷണം കഴിച്ചോട്ടെ എന്നിട്ട് ഞാന്‍ കൊണ്ടോകാം.’
എനിക്കൊന്നും മനസ്സിലായില്ല. ഭക്ഷണം കഴിഞ്ഞ് തീരുന്നത് വരെ മാഷ് എന്നെ കാത്തിരുന്നു. പുറത്ത് നിര്‍ത്തിയ ഓട്ടോയില്‍ ഞാന്‍ സ്‌കൂളിലേക്ക്.
സ്‌കൂളിന്റെ മുന്നില്‍, ചെന്നിറങ്ങുമ്പോള്‍ ചന്ദ്രേട്ടന്റെ പിടികക്ക് സമീപത്ത് കൂടി ഒഴുകുന്ന നല്ല ഒഴുക്കുള്ള തോട്ടില്‍ വലിയ ആള്‍ക്കൂട്ടം. കാണാതായ മൂന്നാം ക്ലാസ്സിലെ അരുണ്‍ സി കെ തോടിന്റെ അടുത്തേക്ക് പോകുന്നത് ഏതോ കുട്ടി കണ്ടിരുന്നുവത്രെ. തോട്ടിലെ ഒഴുക്കില്‍ മുങ്ങിപ്പോയ എനിക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു എല്ലാവരും.
പപ്പന്‍ മാഷ് എന്നെ ചേര്‍ത്ത് പിടിച്ചു ക്ലാസ്സ് മുറിയില്‍ കൊണ്ടുചെന്നാക്കി. ഒന്നും ചോദിച്ചില്ല, ഒന്നും പറഞ്ഞില്ല, ഒന്ന് ദേഷ്യപ്പെടുക പോലും ചെയ്തില്ല.
വര്‍ഷം ഒരുപാട് കഴിഞ്ഞു. ഇന്നലെ പപ്പന്‍ മാഷിന്റെ 18ാം ചരമവാര്‍ഷികമായിരുന്നു. മാഷ് പഠിപ്പിച്ചിരുന്ന, ഞാന്‍ പഠിച്ച, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളില്‍ മാഷിന്റെ അനുസ്മരണ പ്രഭാഷണം നടത്താനുള്ള നിയോഗം എനിക്കായിരുന്നു. ഈ അനുഭവം കുട്ടികളോട് പങ്കുവെച്ചു…പപ്പന്‍ മാഷെ കുറിച്ച് പറയാനുള്ളതെല്ലാം അതിലുണ്ടായിരുന്നു എന്നാണ് വിശ്വാസം.