”രാവിലെ ഏഴിനും ഒമ്പതിനും ഇടയില്‍ മൂടാടിയുടെ ചില ഭാഗങ്ങളില്‍ എന്നും കറണ്ട് പോകുന്നുണ്ടോ”; കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് കാരണം വിശദീകരിച്ച് കെ.എസ്.ഇ.ബി അധികൃതര്‍
മൂടാടി: ”ഒന്ന് രണ്ടാഴ്ചയാണ്, മിക്കവാറും ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പതുമണിവരെയുള്ള സമയങ്ങളില്‍ കറണ്ട് പോകുന്നു, ഇതെന്താ അപ്രഖ്യാപിത പവര്‍കട്ടോ…” മൂടാടി സെക്ഷന്‍ പരിധിയില്‍ വരുന്ന ചില ഭാഗങ്ങളിലെ ആളുകള്‍ക്കുളള പരാതിയാണ്. ഓഫീസിലും സ്‌കൂളിലും പോകുന്നവരുള്ള വീടുകളില്‍ പല പണികളും ഈ കറണ്ട് കട്ട് കാരണം തടസപ്പെടുകയാണെന്നും ഈ സമയത്തെ വൈദ്യുതി തടസം തങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നുമാണ് നാട്ടുകാരുടെ പരാതി.
കെ.എസ്.ഇ.ബിയില്‍ വിളിച്ചാല്‍ എപ്പോഴും ലൈന്‍ ബിസി, വൈദ്യുതി തടസം സംബന്ധിച്ച് പത്രങ്ങളിലോ ഓണ്‍ലൈന്‍ ന്യൂസുകളിലോ വാര്‍ത്തയൊന്നും കണ്ടിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ട കൊയിലാണ്ടി ന്യൂസ് ഡോട് കോം മൂടാടി സെക്ഷനിലെ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
മൂടാടി കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പറയാനുള്ളത്:
മൂടാടി സെക്ഷന്റെ ചില ഭാഗങ്ങളില്‍ 11 കെ.വി ലൈനുകള്‍ കേബിളുകളാക്കുന്ന ജോലി നടക്കുന്നുണ്ട്. കൊല്ലം ബീച്ച്, നന്തി ബീച്ച്, പിഷാരികാവ് എന്നിവിടങ്ങളില്‍ ഈ പ്രവൃത്തി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. മറ്റുചിലയിടങ്ങളില്‍ ഇപ്പോഴും പണി പുരോഗമിക്കുകയാണ്.
വൈദ്യുതി കടന്നുപോകുന്ന കമ്പികളില്‍ ഓലകളോ മരക്കമ്പുകളോ പൊട്ടിവീണാല്‍ വൈദ്യുതി വിതരണം തടസപ്പെടുന്ന സ്ഥിതിയുണ്ട്. ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം എന്ന നിലയിലാണ് കേബിളുകളാക്കുന്നത്. അതിനാല്‍ ഇപ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളോട് ജനങ്ങള്‍ സഹകരിക്കണം.
ഏത് ഫീഡറിലാണ് വര്‍ക്ക് നടക്കുന്നത് ആ ഫീഡര്‍ വരുന്ന ഭാഗത്തേക്ക് വൈദ്യുതി തടസപ്പെടുമ്പോള്‍ മറ്റൊരു ഫീഡറില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള സാങ്കേതികത്വം മൂലമാണ് ഈ സമയം വൈദ്യുതി പോകുന്നത് പൂര്‍ണമായും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളില്‍ മുന്‍കൂട്ടി നിലവിലെ സംവിധാനങ്ങള്‍ വഴി അറിയിക്കുന്നതായിരിക്കും. ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള പല വൈദ്യുതി തടസങ്ങള്‍ക്കും പരിഹാരമുണ്ടാക്കുന്ന സംവിധാനം എന്ന നിലയില്‍ ഈ പ്രവൃത്തിയോട് ജനങ്ങള്‍ സഹകരിക്കണം.