ഹര്‍ത്താല്‍ നാശനഷ്ടം: കൊയിലാണ്ടിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഓഫീസ് കണ്ടുകെട്ടി
കൊയിലാണ്ടി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ (പിഎഫ്.ഐ) മിന്നല്‍ ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി സംസ്ഥാനത്തെ നേതാക്കളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയിലും നടപടി. തൃശൂര്‍ പെരുമ്പിലാവ് അഥീന ഹൗസില്‍ യാഹിയ കോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഓഫീസാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. ഡാലിയ പ്ലാസയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസാണ് ജപ്തി ചെയ്തത്.
വടകര റവന്യൂ റിക്കവറി തഹസില്‍ദാരുടെ നേതൃത്വത്തിലായിരുന്നു ജപ്തി നടപടി. യഹിയ കോയ തങ്ങള്‍ക്ക് ഇവിടെ അന്‍പതോളം മുറികളാണ് ഉണ്ടായിരുന്നത്. എല്ലാ കടകളും വാടകയില്ലാതെ വ്യാപാരികള്‍ക്ക് ജന്മം നല്‍കിയതാണ്.
ജപ്തി നടപടിയുടെ ഭാഗമായി ഇവിടെയുള്ള കച്ചവടക്കാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറിച്ച് ചില പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
കൊയിലാണ്ടി ബസ് സ്റ്റാന്റിന് തെക്ക് ഭാഗത്താണ് ഡാലിയ പ്ലാസ എന്ന മൂന്ന് നില കെട്ടിടം സ്ഥിതി ചെയ്യുന്നത്. യഹിയ തങ്ങള്‍ മാനേജിങ് ഡയറക്ടറായ ഡാലിയ ബില്‍ഡേഴ്‌സ് ആന്റ് ഡെവലപ്പ്‌മെന്റ് എന്ന കമ്പനിയുടെ പേരിലാണ് ഈ കെട്ടിടം.
ഹര്‍ത്താല്‍ നാശനഷ്ടങ്ങളുടെ പേരില്‍ 5.2 കോടി രൂപയാണ് നഷ്ടപരിഹാരമായി പി.എഫ്.ഐ നേതാക്കള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കൂടാതെ 12 ശതമാനം പലിശയുമുണ്ട്. ഇത് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഇപ്പോള്‍ ജപ്തി നടപടി ഉണ്ടായിരിക്കുന്നത്.