കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍


കൊയിലാണ്ടി: ബി.ജെ.പി പ്രവര്‍ത്തകനും ക്ഷേത്ര പൂജാരിയുമായ കൊയിലാണ്ടി ഉപ്പാല കണ്ടി അര്‍ഷിദിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ. പ്രവര്‍ത്തകനായ ചെങ്ങോട്ടുകാവ് കവലാട് ഒറ്റ തെങ്ങില്‍ മുഹമ്മദാലി (36), പ്രതിക്ക് സഹായം നല്‍കിയ ബാലുശ്ശേരി കൂട്ടാലിട പൂനത്ത് സ്വദേശി ഷംസുദീന്‍ (36) എന്നിവരെയുമാണ് കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അറസ്റ്റു ചെയ്തത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ സുനില്‍ കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അര്‍ഷാദിനെ ഒരു സംഘം ആക്രമിച്ചത്. രാത്രി കാപ്പാട് ഓട്ടോയില്‍ ആളെ ഇറക്കി തിരിച്ചു വരുകയായിരുന്നു ആര്‍ഷിദ്. ഓട്ടോയെ പിന്തുടര്‍ന്ന് വന്ന നാലംഗ സംഘം ഒരുമിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇടിക്കട്ട, ഇരുമ്പ് വടി മുതലായ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഉപദ്രവം. ആക്രമണത്തില്‍ പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളെജിലെക്ക് മാറ്റി.

എസ്.ഐ.മാരായ എസ്.എസ്.ശ്രീജേഷ്, എം.എന്‍. അനൂപ്, ഗ്രേഡ് എസ്.ഐ.മാരായ എന്‍. ബാബുരാജ്, പ്രദീപന്‍, മണികണ്ഠന്‍, ഗിരീഷ്, ഒ.കെ. സുരേഷ്, എന്നിവരടങ്ങിയ സംഘം സി.ഐക്ക് ഒപ്പമുണ്ടായിരുന്നു.

ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് കൊയിലാണ്ടിയില്‍ സര്‍വ്വ കക്ഷിയോഗം ചേര്‍ന്നു. അക്രമ സംഭവങ്ങളെ യോഗം ശക്തമായി അപലപിച്ചു. പ്രദേശത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പിന്തുണ വാഗ്ദാനം പ്രഖ്യാപിച്ചു. പ്രദേശത്ത് മൂന്ന് മാസത്തേക്ക് മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുയോഗമോ പ്രകടനമോ നടത്താന്‍ പാടില്ല. സമൂഹ മാധ്യമങ്ങളില്‍ പരസ്പരം വിദ്വേഷം സൃഷ്ടിക്കുന്ന പ്രചരണം നടത്താന്‍ പാടില്ല. ഇക്കാര്യം സൈബര്‍ സെല്‍ പരിശോധിക്കുന്നതും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.