‘ഒരാളെങ്കിലും സഹായിക്കാൻ എത്തിയിരുന്നെങ്കിൽ’; ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ സംസാരിക്കുന്നു


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: കൊയിലാണ്ടി എസ്.ഐ ശ്രീജേഷിന്റെ ഫോൺ കോൾ തന്നെ തേടി എത്തുമ്പോഴും അതിദുഃഖകരമായ നിമിഷങ്ങൾക്കാണ് താൻ സാക്ഷ്യം വഹിക്കാൻ പോകുന്നത് എന്ന് റിയാസ് ജാസ് അറിഞ്ഞിരുന്നില്ല. ഇന്നലെ കൊയിലാണ്ടിയിൽ ട്രെയിൻ അപകടത്തിൽ മരിച്ച യുവാവിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ റിയാസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് മനസ്സ് തുറക്കുന്നു.

‘എസ്.ഐ യുടെ വിളി എത്തിയ ഉടനെ ഞാൻ സംഭവ സ്ഥലത്തെത്തിരുന്നു. അതി ദാരുണമായ ദൃശ്യങ്ങളായിരുന്നു അവിടെ കാണാൻ കഴിഞ്ഞത്. പതിനഞ്ച് മിനുട്ടുകളോളമാണ് ജീവനായി പിടഞ്ഞു കൊണ്ട് വിപിൻ കിടന്നത്. എന്നാൽ രക്ഷിക്കാനോ ആശുപത്രിയിലെത്തിക്കാനോ ആരും തയ്യാറായിരുന്നില്ല’.

‘ട്രാക്കിൽ നിന്നെടുത്തു മാറ്റാൻ പോലും അവിടെ ഉണ്ടായിരുന്ന ആരും തയ്യാറായില്ല . ഒടുവിൽ അവിടെ നിന്ന അതിഥി തൊഴിലാളികളാണ് ട്രാക്കിൽ നിന്ന് വിപിനെ മാറ്റി കിടത്തുന്നത്. ആംബുലൻസിലേക്കു കയറ്റാനും അതിഥി തൊഴിലാളികളാണ് സഹായിച്ചത്. പക്ഷെ അതിനു ശേഷം ആശുപത്രിയിലേക്ക് കൂടെ വരാൻ ആരുമുണ്ടായിരുന്നില്ല’.

‘ജീവനായി പോരാടുന്ന വിപിനെ മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളു, അതിനാൽ ആരും വന്നില്ലെങ്കിലും ഒറ്റയ്ക്ക് കൊണ്ട് പോകാൻ എനിക്കധികം ആലോചിക്കേണ്ടി വന്നില്ല. എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. നിമിഷ നേരങ്ങൾക്കുള്ളിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു’.

‘ആംബുലൻസിന്റെ വാതിൽ തുറന്നപ്പോൾ അവൻ സ്‌ട്രെച്ചറിൽ നിന്ന് താഴെ വീണു കിടക്കുന്ന കാഴ്ചയാണ് കണ്ടത്. അറ്റന്റർമാരുടെ സഹായത്തോടെ പെട്ടന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പരിശോധനകൾക്കു ശേഷം ഉടനടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ വിപിൻ മരണപ്പെടുകയായിരുന്നു.

‘ഒരു പക്ഷെ അപകട സ്ഥലത്തുണ്ടായിരുന്ന ആരെങ്കിലും വിപിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവൻ രക്ഷപെടുമായിരുന്നേനെ. ഓരോ നിമിഷത്തിന്റെയും വില നന്നായി അറിയാവുന്നവരാണ് ഞങ്ങൾ ആംബുലൻസ് ഡ്രൈവർമാർ. ദിവസവും അപകടത്തിൽ പെട്ട നിരവധി പേരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വിധിക്കപ്പെട്ടവരാണ് ഞങ്ങൾ. പതിനഞ്ച് മിനുട്ടുകളോളമാണ് ജീവനായി പിടഞ്ഞു കൊണ്ട് വിപിൻ റെയിൽവേ ട്രാക്കിൽ കിടന്നത്. ‘.

പുറക്കാട് പുതിയൊട്ടിൽ മീത്തൽ വാസുവിന്റെ മകൻ വിപിൻ പി.എമ്മാണ് ഇന്നലെ ട്രെയിൻ തട്ടി മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. വിപിന് സംസാരിക്കാനും കേൾക്കാനും കഴിയാഞ്ഞതിനാൽ ട്രെയിൻ ദുരെ നിന്ന് വരുന്ന ശബ്ദമൊന്നും കേട്ടിരുന്നില്ല. അങ്ങനെയാണ് അപകടമുണ്ടായത്.

എട്ടുവർഷമായി റിയാസ് ആംബുലൻസ് ഡ്രൈവർ ആയി സേവനമനുഷ്ഠിക്കുകയാണ്. ദിവസവും ജീവനായി പോരാടുന്ന പലരെയും ആശുപത്രിയിൽ കൊണ്ടുപോകാറുണ്ടെന്നു അദ്ദേഹം പറഞ്ഞു. അത്യാവിശ സമയങ്ങളിൽ രോഗിയുടെ അവസ്ഥ മനസ്സിലാക്കി പ്രാഥമിക ചികിത്സ നൽകാനും ഇദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്.

‘നിങ്ങളുടെ അല്പം സമയം കൊണ്ട് ഒരു ജീവൻ ചിലപ്പോൾ രക്ഷിക്കാനാവും, ദയവായി മുഖം തിരിക്കരുതേ എന്ന് അപേക്ഷയാണ് റിയാസിന് വായനക്കാരുടെ മുൻപിൽ വയ്ക്കുന്നത്.

അപകടങ്ങളിലും മറ്റ് അത്യാഹിതങ്ങളിലും മുൻപന്തിയിലുള്ളവരാണ് ആംബുലൻസ് ഡ്രൈവർമാർ. അക്ഷരാർത്ഥത്തിൽ ജീവന്റെ വളയം പിടിക്കുന്നവർ. എന്നാൽ ഭൂരിഭാഗം സമയത്തും ആരാലും ശ്രദ്ദിക്കപ്പെടാത്ത കൂട്ടരും. റിയാസിനെ പോലെ കൊയിലാണ്ടിക്കാരുടെ രക്ഷയ്ക്കായെത്തുന്ന അനേകം ആംബുലൻസ് ഡ്രൈവർമാരുണ്ട്. സ്വന്തം ജീവിതം പോലും പണയം വെച്ചാണ് അവരെല്ലാം മറ്റൊരു ജീവൻ രക്ഷിക്കുന്നതിനായി ഇറങ്ങുന്നത്.

അത്തരത്തിൽ കൊയിലാണ്ടിയുടെ രക്ഷകരായി പ്രവർത്തിക്കുന്ന,  അപകടം നടക്കുമ്പോൾ ഉടനെ എത്തുന്ന എല്ലാ ആംബുലൻസ് ഡ്രൈവർമാർക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ ബിഗ് സല്യൂട്ട്.