കുരുത്തക്കേട് കാണിച്ചതിന് ശാസിക്കാന്‍ വിളിപ്പിച്ചു, പാട്ട് പാടി അധ്യാപകരെ മയക്കി രക്ഷപ്പെട്ടു; ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ്സിലെ വൈറലായ വീഡിയോയിലെ ദേവദര്‍ശിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)


വടകര: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. സ്‌കൂള്‍ യൂനിഫോം ധരിച്ച ഒരാണ്‍കുട്ടി മനോഹരമായി ഗാനം ആലപിക്കുന്നു. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പാണ് വീഡിയോ വൈറലാവാനുള്ള പ്രധാന കാരണം.

ഇരിങ്ങണ്ണൂര്‍ ഹൈ സ്‌കൂളിലെ ദേവദര്‍ശിന്റെ പാട്ടായിരുന്നു അത്. സ്‌കൂളിലെ അധ്യാപകനായ ശരത്ത് ആയിരുന്നു ഫേസ്ബുക്കില്‍ തന്റെ വിദ്യാര്‍ത്ഥിയുടെ മനോഹരമായ പാട്ടിന്റെ വീഡിയോ പങ്കുവച്ചത്.

‘ഇതാണ് കുഴപ്പം ഇവന്റെ കയ്യിലിരിപ്പിന് ശാസിക്കാന്‍ വിളിച്ചാല്‍, ഇവന്റെപാട്ട് കേട്ട് കഴിയുമ്പം ഒരു മുട്ടായിയും കൊടുത്ത് പോയിക്കോന്ന് പറയേണ്ടി വരും.’ -ഇതായിരുന്നു വീഡിയോയ്ക്ക് ഒപ്പം അധ്യാപകന്‍ ശരത്ത് പോസ്റ്റ് ചെയ്ത കുറിപ്പ്. വീഡിയോ എടുത്ത സാഹചര്യം ശരത്ത് വടകര ഡോട് ന്യൂസിനോട് പങ്കുവച്ചു.

‘എന്തോ കുരുത്തക്കേട് കാണിച്ചതിന് ശാസിക്കാനാണ് അന്ന് അവനെ വിളിപ്പിച്ചത്. ദേവദര്‍ശ് നന്നായി പാട്ടുപാടുമെന്ന് അറിയാമായിരുന്നു. അവന്റെ കുരുത്തക്കേടിനെ കുറിച്ച് ചോദിച്ച് ശാസിക്കുന്നതിന് മുമ്പ്, ഇപ്പോഴും പാടാറുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു പാട്ട് പാടാന്‍ അവനോട് പറഞ്ഞു. ആ പാട്ടാണ് ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു അധ്യാപകനാണ് ആ വീഡിയോ എടുത്തത്.’ -ശരത്ത് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ദേവദര്‍ശിന്റെ പാട്ട് കേട്ടതോടെ പിന്നെ ശാസിക്കാന്‍ പറ്റിയില്ലെന്നും ശരത്ത് പറഞ്ഞു. സ്‌കൂളിലെ സംഗീതാധ്യാപകനായ മണി മാസ്റ്ററാണ് ദേവദര്‍ശിന്റെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. ആള് കുറച്ച് കുസൃതിയാണ്. എന്നാല്‍ അവന്റെ പാട്ട് കേട്ടാല്‍ പിന്നെ ഒന്നും പറയാന്‍ തോന്നില്ലെന്ന് മണി മാസ്റ്റര്‍ പറയുന്നു.

ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വലിയ നേട്ടമാണ് ദേവദര്‍ശ് സ്‌കൂളിനായി കരസ്ഥമാക്കിയത്. അഷ്ടപദിക്കും സംസ്‌കൃതം ഗാനാലാപനത്തിനും എ ഗ്രേഡാണ് ഈ മിടുക്കന്‍ നേടിയത്. തുടര്‍ന്നും പാട്ട് പഠിക്കാന്‍ ആഗ്രഹിക്കുന്ന ദേവദര്‍ശ് ഇപ്പോള്‍ മണി മാസ്റ്ററുടെ കീഴിലാണ് പാട്ട് പഠിക്കുന്നത്. ആലാപനത്തിന് പുറമെ ഇടയ്ക്ക ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങളും ദേവദര്‍ശ് മനോഹരമായി വായിക്കും.

ഇരിങ്ങണ്ണൂര്‍ ഹൈ സ്‌കൂളിലെ ഒമ്പതാം ക്ലാസി വിദ്യാര്‍ത്ഥിയാണ് തൂണേരി സ്വദേശിയായ ദേവദര്‍ശ്. ദിനേശന്റെയും പ്രിയയുടെയും മകനാണ്. സംഗീതാധ്യാപകനായ ബിനീഷും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദേവാനന്ദയുമാണ് സഹോദരങ്ങള്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ദേവദര്‍ശിന്റെ ആ പാട്ട് നമുക്കൊന്ന് കേട്ടാലോ?

വീഡിയോ കാണാം: