കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വിവികെ പുരസ്‌കാരം സി.പി അബൂബക്കറിന്


മേപ്പയൂര്‍: കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ സാഹിത്യ പുരസ്‌കാരം കവിയും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സി.പി അബൂബക്കറിന്. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും വാസവന്‍ പയ്യട്ടത്തിന്റെ കൊളാഷ് പെയിന്റിങ്ങും അടങ്ങുന്നതാണ് വി.വി.കെ പുരസ്‌കാരം. കാരായിരാജന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഏപ്രിലില്‍ അവാര്‍ഡ് നല്‍കും.

വടകര പുതുപ്പണത്തെ ചന്ദനംപറമ്പത്ത് കോയോട്ടിയുടെയും കുനിങ്ങാട്ട് കദീശയുടെയും മകനായി 1945ല്‍ ജനിച്ച സി.പി അബൂബക്കര്‍ മേപ്പയ്യൂര്‍ സ്വദേശിയാണ്. എസ്.എഫ്.ഐ പ്രഥമ സംസ്ഥാന സെക്രട്ടറിയാണ്. കെ.എസ്.എഫ് കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ്, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, പുരോഗമനകലാസാഹിത്യസംഘം, ശാസ്ത്രസാഹിത്യപരിഷത്ത് എന്നീ സംഘടനകളുടെ കോഴിക്കോട്, പാലക്കാട് ജില്ല ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തലശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഉള്‍പ്പെടെ വിവിധ കോളേജുകളില്‍ അധ്യാപകനായിരുന്നു.

ചിന്ത പബ്ലിഷേഴ്സ്, ദേശാഭിമാനി വാരിക, കമ്യൂണിസ്റ്റ് പാര്‍ടി കോഴിക്കോട്, കണ്ണൂര്‍ ജില്ല ചരിത്രപുസ്തകം എന്നിവയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. മുറിവേറ്റവരുടെ യാത്രകള്‍, കടല്‍ എന്നീ നോവലുകള്‍ രചിച്ചു. കവിത, ലേഖന സമാഹാരങ്ങളടക്കം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വി വി സറീനയാണ് ഭാര്യ. മക്കള്‍: നീലിമ, ഷോണിമ, ശശിനാസ് ഏലിയാസ് ഹരിത.

അതോടൊപ്പം ഐ.വി ദാസ് മാധ്യമപുരസ്‌കാരം പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനും സമ്മാനിക്കും. കാല്‍ലക്ഷം രൂപയും ശില്‍പവുമാണ് ഐ.വി ദാസ് പുരസ്‌കാരം.

summary: cp abhubakar will be awarded the VVK Sahitya puraskar instituted by kathirur bank