ശിവതാണ്ഡവവും പഴശ്ശിരാജയിലെ സായിപ്പും ആരോമൽ ചേകവരിലെ അരിങ്ങോടരും വേദികളിൽ നിറഞ്ഞാടിയ കാലം ഓർമ്മയിലിന്നുമുണ്ട്; അരങ്ങിൽ ഇനി ബാലേട്ടനില്ല, മൺമറഞ്ഞത് മൂടാടിയുടെ കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യം
മൂടാടി: ജനകീയ ഡോക്ടറും കലാകാരനും, സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്നു, ഇനി അരങ്ങത്തേക്ക് ബാലേട്ടനില്ല… എഴുത്ത് പള്ളിപ്പറമ്പ് ഇ.പി. ബാലന്‍റെ അകാല നിര്യാണത്തോടെ മൂടാടിക്കാർക്ക് നഷ്ടമായത് അവരുടെ പ്രിയപ്പെട്ട ബാലേട്ടനെയാണ്. അവിസ്മരണീയ പ്രകടനങ്ങളിലൂടെ അസ്വാദക ഹൃദയം കീഴടക്കിയ കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇനിയും സ്മരക്കപ്പെടും.
ഇന്ന് രാവിലെയാണ് ഏവരെയും ദുഖത്തിലാഴ്ത്തി ഇ.പി. ബാലന്‍റെ മരണവാർത്ത എത്തുന്നത്. കേട്ടത് സത്യമാവരുടെ എന്ന് മാത്രമായിരുന്നു എല്ലാവരും ആഗ്രഹിച്ചതും. എന്നാൽ കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച് അദ്ദേഹം എന്നന്നേക്കുമായി അരങ്ങൊഴിഞ്ഞു.
പ്രശ്സ്ത നാടക നടൻ, ഹോമിയോ ഡോക്ടർ, ബാലെ നർത്തകൻ, സിനിമാ നടൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുണ്ട് ബാലന്. ഡോക്ടറാണെങ്കിലും അദ്ദേഹം മൂടാടിക്കാരുടെ പ്രിയപ്പെട്ട ബാലേട്ടനായിരുന്നു. സൗമ്യമായ പെരുമാറ്റം, വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന പ്രകൃതക്കാരൻ. ഇതെല്ലാമായിരുന്നു ബാലൻ.
ചെറുപ്പം മുതലേ കലയോട് താത്പര്യമായിരുന്നു. അതാണ് നാടകത്തിലേക്ക് കെെപിടിച്ചുയർത്തിയത്. കൊല്ലം അംബതിയേറ്റേഴ്സ്, ശ്രീദുർഗ കലാക്ഷേത്രം, ന്യൂസ്റ്റാർ കലാ സമിതി, റെഡ് സ്റ്റാർ കലാ സമിതി, തുടങ്ങിയവയിലൂടെ നിരവധി നാടകങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു. പഴശ്ശിരാജയിലെ സായിപ്പും ( കർണൽ വെല്ലസ്ലി), ആരോമൽ ചേകവരിലെ അരിങ്ങോടർ ചേകവർ തുടങ്ങിയ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം അഭിനയത്തിലൂടെ അനശ്വരമാക്കിയത്. നാടകത്തിലെ കഥാപാത്രത്തിന് അനുയോജ്യമായ പ്രകടനം കാഴ്ചവെക്കുന്നതിനായി അത് ഗുരുക്കളുടെ എടുത്ത് പോയി പഠിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. അതിനുദാഹരണമാണ് അദ്ദേഹം അഭ്യസിച്ച ശിവതാണ്ടവം.
പരമശിവനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ രൂപമാണ് പലരുടെ മനസിലും ആദ്യമെത്തുക. അരങ്ങു തകർത്ത് അഭിനയിച്ച ശിവതാണ്ഡമാണ് അതിന് കാരണം. കണ്ടവരിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് അദ്ദേഹം സമ്മാനിച്ചത്. നാടത്തിന് പുറമേ പല വേദികളിലും അദ്ദേഹം ശിവതാണ്ടവം അരങ്ങിലെത്തിച്ചിരുന്നു. കലയോടുള്ള തീവ്രമായ പ്രണയമാണ് ഓരോ പ്രകടനവും മികച്ചതാക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ക്ലിനിക്കിലെത്തുന്ന രോഗികൾക്ക് മരുന്നിനേക്കാൾ ആശ്വാസമേകുന്നത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു. അതാണ് ഹോമിയോയ്ക്ക് അത്ര പ്രചാരമില്ലാതിരുന്ന കാലഘട്ടത്തിൽ പോലും അദ്ദേഹത്തെ തേടി ആളുകളെത്താൻ കാരണം. കലയ്ക്ക് പുറമേ ഹോമിയോ രംഗത്തും തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിരവധി പ്രബന്ധങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
പെതു രംഗത്തും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും തന്നാൽ കഴിയുന്ന സഹായങ്ങളുമായി അദ്ദേഹമുണ്ടാവാറുണ്ട്. കഥാപാത്രങ്ങൾക്ക് മരണമില്ല, സായിപ്പായും അരിങ്ങോടർ ചേകവറായും ഇനിയും അദ്ദേഹം ജീവിക്കും.
Summary: