ബൈപ്പാസ് നിര്‍മ്മിക്കാന്‍ കരാര്‍ കമ്പനി കുടിവെള്ള പദ്ധതിയ്ക്കുവേണ്ടിയെടുത്ത കിണറ്റിലെ വെള്ളം ഊറ്റുന്നു; സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം താഴ്ന്നതോടെ മരളൂരില്‍ ടാങ്കര്‍ തടഞ്ഞ് നാട്ടുകാര്‍


കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിനായി കരാർ കമ്പനി ശുദ്ധജല വിതരണ കിണറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാർ. മരളൂർ പനച്ചിക്കുന്നു ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിൽ നിന്ന് വലിയ പമ്പ് സെറ്റ് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം കൊണ്ടു പോകുന്നതാണ് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തടഞ്ഞത്.

രാത്രിയും പകലുമായി ലിറ്റർ കണക്കിന് വെള്ളമാണ് കമ്പനി ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഇത് കാരണം പരിസര പ്രദേശങ്ങളിലെ കിണറുകളിൽ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. പരിസരത്തെ പല കിണറുകളും വറ്റി തുടങ്ങിയ അവസ്ഥയിലാണ്. വെള്ളം കൊണ്ടുപോകുന്നത് നിർത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അത് അം​ഗീകരിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ടാങ്കർ ലോറി തടയാൻ തീരുമാനിച്ചത്. പമ്പ് സെറ്റിൻ്റെ കണക്ഷനും വിഛേദിച്ചു.

ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.ടി.രാജീവൻ, കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ ,സി.ടി. ബിന്ദു, പിതാംബരൻ കുന്നോത്ത്, പി.ടി.ഗോപാലൻ, സഗീഷ് ആനമഠത്തിൽ എന്നിവർ നേതൃത്വം നൽകി.

Summary: To build the bypass, the contracting company discharges water from the well taken for the drinking water scheme. Locals stopped the tanker in Maralur