നാടിന്റെ ഉത്സവത്തിനായി നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു; വടംവലിയും നൃത്ത നൃത്യങ്ങളുമായി ഞാണംപൊയില്‍ ഫെസ്റ്റ് നാളെ
കൊയിലാണ്ടി: യുവാക്കളുടെ കൂട്ടായ്മയായ എന്‍എംഎസ് സംഘടിപ്പിക്കുന്ന ഞാണംപൊയില്‍ ഫെസ്റ്റിന് നാളെ ഉച്ചയോടെ തുടക്കമാകും. കൊച്ചുകൂട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവിധ കലാപരിപാടികള്‍ ഫെസ്റ്റിന് മാറ്റ് കൂട്ടും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഫെസറ്റ് ഉദ്ഘാടനം ചെയ്യും.
ഞാണംപൊയിലെ അംഗണവാടിയിലെ കുരുന്നുകളുടെ കലാപരിപാടികളോടെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫെസ്റ്റിന് തുടക്കമാകും. തുടര്‍ന്ന് അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മിമിക്രി ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ‘കലാഭവന്‍ സരിഗ’ മുഖ്യഅതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് വൈവിധ്യമാര്‍ന്ന കലാവിരുന്നും അരങ്ങേറും.
ശേഷം നടക്കുന്ന വടംവലി മത്സരം കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. 5555 രൂപയാണ് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 3333 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1111 രൂപയും സമ്മാനമായി നല്‍കും. തുടര്‍ന്ന് മാക്‌സ് ഓര്‍ക്കസ്ട്ര കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കുന്നതാണ്.
കൊവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടുകാരെ ഒന്നിച്ച് ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ചെയര്‍മാന്‍ എന്‍. രാഹുല്‍ കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.