കൊങ്ങന്നൂരമ്മയുടെ തിടമ്പേറ്റി ഗജവീരനെ എഴുന്നള്ളിക്കും, അകമ്പടിയായി ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്മാരും; കൊങ്ങന്നൂര്‍ ഭഗവതീക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന്


നന്തിബസാര്‍: കൊങ്ങന്നൂര്‍ ഭഗവതീക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന്. ഇളനീര്‍ക്കുലവരവ്, കാഴ്ചശീവേലി, ദീപാരാധന, നാദസ്വരം, സന്ധ്യാവിളക്ക്, ഗ്രാമബലി, പുറക്കാടേക്കുള്ള എഴുന്നള്ളിപ്പ്, എഴുന്നള്ളത്ത് തിരിച്ചുവന്ന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ പ്രമാണത്തില്‍ വാദ്യകലാകാരന്മാരായ കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയന്നൂര്‍ സത്യന്‍ മാരാര്‍, മുചുകുന്ന് ശശി മാരാര്‍, സദനം സുരേഷ് മാരാര്‍, പാലക്കാട് രാജുകുമാരന്‍, കാഞ്ഞിലശ്ശേരി അരവിന്ദന്‍ എന്നിവര്‍ അണിനിരക്കുന്ന പാണ്ടിമേളം എന്നിവയാണ് ഇന്നത്തെ ചടങ്ങുകള്‍.

പുറക്കാട്ടേക്കുള്ള എഴുന്നള്ളിപ്പില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ഗജവീരന്മാരായ ചെന്താമരാക്ഷന്‍, വലിയവിഷ്ണു, രവികൃഷ്ണന്‍ എന്നിവര്‍ അകമ്പടിയായുണ്ടാകും. ക്ഷേത്രചടങ്ങുകളിലും എഴുന്നള്ളിപ്പിലും കൊങ്ങന്നൂരമ്മയുടെ തിടമ്പേറ്റുക വലിയവിഷ്ണുവെന്ന ഗജവീരനാണ്.

എഴുന്നള്ളത്ത് തിരിച്ചുവന്നശേഷമാണ് കിഴക്കേ നടയില്‍ പ്രശസ്ത വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറുക.

ഇന്നലെയായിരുന്നു വലിയവിളക്ക് ആഘോഷം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പൂര്‍വ്വാധികം ആവേശത്തോടെ ഇത്തവണ നാടും നാട്ടുകാരും ഉത്സവാഘോഷങ്ങളില്‍ സജീവമാണ്. രാവിലെ ഉഷഃപൂജ, ഉത്സവബലി, പന്തീരടിപൂജ, ഉച്ചപൂജ, വൈകീട്ട് കാഴ്ചശീവേലി, ദീപാരാധന, നാദസ്വരം, സന്ധ്യാവിളക്ക്, വിളക്കിനെഴുന്നള്ളിപ്പ്, ഇടയ്ക്കപ്രദക്ഷിണം, തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരും കലാമണ്ഡലം ശിവദാസന്‍ മാരാരും നയിച്ച ഇരട്ടത്തായമ്പക, കേളി, കൊമ്പുപറ്റ്, കുഴല്‍പ്പറ്റ് തുടങ്ങിയവയായിരുന്നു വലിയ വിളക്ക് ദിനത്തെ ചടങ്ങുകള്‍.

12-നാണ് ആറാട്ട്. ഇളനീര്‍ അഭിഷേകം, മൂന്നുമണിക്കുശേഷം നിലക്കളി കിഴൂര്‍ ശിവക്ഷേത്രത്തില്‍നിന്നുള്ള എഴുന്നള്ളത്ത്, യാത്രാബലി, പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത്, കുളിച്ചാറാടിക്കല്‍ എഴുന്നള്ളത്ത് തിരിച്ചുവന്ന് പാണ്ടിമേളം. പടിഞ്ഞാറെ നടതുറന്ന് ദര്‍ശനം, രുധിരക്കോലത്തോടെ ഉത്സവസമാപനം.