അഴിമതി ആരോപണം, ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയിൽ തമ്മിൽതല്ല്; സംഘർഷത്തിന്റെ വീഡിയോ കാണാം


പേരാമ്പ്ര: ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയിൽ തമ്മിൽതല്ല്. സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ പ്രസിഡണ്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് സംഘർഷം. മണ്ഡലം പ്രസിഡൻറ് കെ കെ രജീഷിന് സംഘർഷത്തിൽ പരിക്കേറ്റു. ഇന്ന് വെെകീട്ട് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ ചേർന്ന യോ​ഗത്തിലാണ് സംഭവം.

അഴിമതി കേസുമായി ബന്ധപ്പെട്ട പ്രശ്നം പേരാമ്പ്രയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകന്റെ പെട്രോൾ പമ്പും അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടതായിരുന്നു ആരോപണം. പമ്പിലെ ഒരു സിസിടിവി ദൃശ്യങ്ങൾ പ്രവർത്തകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മണ്ഡലം പ്രസിഡന്റിനെതിരെയും സെക്രട്ടറിക്കെതിരെയും ആരോപണം ഉയർന്ന ഘട്ടത്തിലാണ് മണ്ഡലം കമ്മിറ്റി തന്നെ വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ മാഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ യോ​ഗം വിളിച്ചു ചേർത്തത്. യോ​ഗത്തിനെത്തിയ ആർ.എസ്.എസ് പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. ഇതിനിടയിലാണ് മണ്ഡലം പ്രസിഡന്റിന് പരിക്കേറ്റത്.

മണ്ഡലം കമ്മിറ്റിയിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നേരത്തെയും വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ആയിട്ടുള്ള എം മോഹനൻ മാഷിന്റെ അനുകൂലികൾ ആയിട്ടുള്ള ആളുകളാണ് മണ്ഡലം പ്രസിഡൻറ് സെക്രട്ടറി സ്ഥാനങ്ങളിൽ ഉള്ളത്. ഇതിനെതിരെ കമ്മിറ്റിക്കത്ത് വലിയതോതിലുള്ള എതിർപ്പും നിലനിന്നിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ന് വെെകീട്ട് നാല് മണിക്ക് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ യോ​ഗം വിളിച്ച് ചേർത്തത്.

Summary: fight at bjp Perambra mandalam Committee