പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് മണമൽ തേജസ് റസിഡൻസ് അസോസിയേഷൻ; ആഘോഷം മൂന്നാഴ്ച നീളും


കൊയിലാണ്ടി: മണമലിലെ തേജസ് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റു. പ്രശസ്ത കവിയും ഗാനരചയിതാവും പ്രഭാഷകനുമായ രമേശ് കാവില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി എന്നും ഇതുപോലുള്ള മാരക വിപത്തുകള്‍ക്കെതിരായ കൂട്ടായ്മകള്‍ ഉയര്‍ന്ന് വരാന്‍ ഇത്തരം പരിപാടികള്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് തേജസ്സ് റസിഡന്‍സ് അസോസിയേഷൻ വിഭാവനം ചെയ്തിരിക്കുന്നത്. ക്രിസ്മസ് ദിനത്തില്‍ ആരംഭിച്ച പരിപാടികള്‍ ജനുവരി 8-ാം തിയ്യതി റസിഡന്‍സിലെ മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന ഫാമിലി ടൂറോട് കൂടി സമാപിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അരുണ്‍ മണമല്‍ പറഞ്ഞു.

പുതുവത്സര ദിനത്തില്‍ പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ക്ക് പുറമെ പ്രശസ്ത നാടന്‍പാട്ട് കലാകാരന്മാരായ മജീഷ് കാരയാട്, ധനേഷ് കാരയാട് എന്നിവരുടെ നേതൃത്വത്തില്‍ നാന്തലക്കൂട്ടത്തിന്റെ നാടന്‍പാട്ടും വെടിക്കെട്ടും നടന്നു.

വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത്കണ്ടി മുഖ്യാതിഥിയായിരുന്നു. റസിഡന്‍സിന് വേണ്ടി ശുചീകരണ ഉപകരണങ്ങള്‍ സംഭാവന ചെയ്ത മജീദ് തോട്ടത്തിലിനെ ആദരിച്ചു. ബാബുരാജ് രാധാസ് സ്വാഗതം പറഞ്ഞു. സുഗേഷ് മണമല്‍, പ്രസന്നകുമാര്‍, സ്വരാജ് കെ.പി, ജയന്‍ മണമല്‍, മനോജ് സി.കെ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. മൈഥിലി സോമന്‍ നന്ദി പറഞ്ഞു.