‘എല്ലാവരോടും നന്നായി പെരുമാറും, പഠിക്കാനും മിടുക്കനായിരുന്നു ഫഹദ്’; ചാലക്കുടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരണമടഞ്ഞ അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദിന്റെ മൃതദേഹം ഖബറടക്കി


അരിക്കുളം: ചാലക്കുടിയില്‍ വെച്ച് കഴിഞ്ഞ ദിവസം ട്രെയിന്‍ അപകടത്തില്‍ മരണമടഞ്ഞ അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദി (കുട്ടു,23)ന്റെ മൃതദേഹം ഖബറടക്കി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ എലങ്ക മല്‍ ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം നടന്നത്. ഇന്നലെ രാത്രി 11.30ഓടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഫഹദിന്റെ ഉപ്പ അബ്ദുല്‍ കരീം വിദേശത്തു നിന്നും 4 മണിയോടെ എത്തിയതിന് ശേഷം സംസ്‌കരിക്കുകയായിരുന്നു.

എല്ലാവരോടും നന്നായി പെരുമാറുകയും അതോടൊപ്പം നന്നായി പഠിക്കുകയും ചെയ്യുന്ന മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ഫഹദെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. മൂവാറ്റുപുഴ എസ്.എന്‍ കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയായ ഫഹദിന് ജനുവരി മൂന്നിന് പരീക്ഷ ആരംഭിക്കാനിരിക്കെ അതിനു മുന്‍പ് പൂര്‍ത്തീകരിക്കാനുള്ള വര്‍ക്കുകള്‍ ചെയ്യാനായി കോളേജിലേക്ക് പോയതാണ് കുറച്ച് ദിവസം മുന്‍പ്. അത് ചെയ്ത് തിരിച്ചു വരും വഴിയാണ് അപകടം നടന്നിരിക്കുന്നത്.

യാത്രയ്ക്കിടെ ഫഹദ് ട്രെയിനില്‍ നിന്നും വീണതായിരിക്കാമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വ്യാഴായ്ച്ച രാത്രി രണ്ട് മണിയോടെ ചാലക്കുടി സ്റ്റേഷനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊരട്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ചാലക്കുടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.

ഉമ്മ: ബുഷറ, സഹോദരി: ഫിദ ഫാത്തിമ.