ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം ജില്ലാതല പരിശീലനം ഫെബ്രുവരി 11 ന്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (10/02/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിങ് സിസ്റ്റം: ജില്ലാതല പരിശീലനം ഫെബ്രുവരി 11ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ ഇതിനായി പദ്ധതി വകയിരുത്തിയ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍ക്കും നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും ഫെബ്രുവരി 11 വെളളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നു.

ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രസിഡന്റ്്, വൈസ് പ്രസിഡന്റ് , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പ്രൊജക്ട് ഇംപ്ലിമെന്റിഗ് ഓഫീസര്‍ , ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരും നഗരസഭാതലത്തില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസര്‍, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരും പങ്കെുക്കണം. കോര്‍പ്പറേഷന്‍ തലത്തില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍, സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, പ്രൊജക്ട് ഇംപ്ലിമെന്റിങ് ഓഫീസര്‍ , ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്.

ജില്ലയില്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനും 7 മുനിസിപ്പാലിറ്റികള്‍ക്കും 37 ഗ്രാമപഞ്ചായത്തുകള്‍ക്കുമാണ് ഇതിനായി പദ്ധതി വകയിരുത്തിയിട്ടുള്ളത്.

ഹരിതമിത്രം സ്മാര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റം- ആദ്യ ഘട്ടത്തില്‍ പദ്ധതി വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍:

കോർപ്പറേഷൻ

കോഴിക്കോട് കോര്‍പ്പറേഷന്‍

മുനിസിപ്പാലിറ്റികള്‍

വടകര, പയ്യോളി, കൊയിലാണ്ടി, കൊടുവള്ളി, മുക്കം, ഫറോക്ക്, രാമനാട്ടുകര

ഗ്രാമപഞ്ചായത്തുകള്‍

അഴിയൂര്‍, ചോറോട്, ഏറാമല, എടച്ചേരി, വളയം, കുന്നുമ്മല്‍, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, വേളം, നരിപ്പറ്റ, വില്യാപള്ളി, മണിയൂര്‍, തിക്കോടി, മേപ്പയ്യൂര്‍, കായണ്ണ, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, ബാലുശ്ശേരി, നടുവണ്ണൂര്‍, പനങ്ങാട്, അരിക്കുളം, കക്കോടി, കാക്കൂര്‍, തിരുവമ്പാടി, കൂടരഞ്ഞി, താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കൊടിയത്തൂര്‍, മാവൂര്‍, കുന്നമംഗലം, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി.

ക്വട്ടേഷന്‍ ക്ഷണിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ എലത്തൂര്‍, വരവൂര്‍ ഐടിഐകളില്‍ ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍ വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. അവസാനതീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിവരെ. 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 8547630005, 9947895238 ഇ-മെയില്‍: [email protected]

റീ-ക്വട്ടേഷന്‍

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ഉത്തരമേഖലയിലെ കേരളാധീശ്വരപുരം, വി.ആര്‍. പുരം, പാതായ്ക്കര, ചെറുവത്തൂര്‍, മാടായി, എരുമപ്പെട്ടി, കുറുവങ്ങാട് ഐടിഐകളിലെ പ്ലംബര്‍ ട്രേഡിലെ പരിശീലനാര്‍ഥികളുടെ പരിശീലനത്തിനാവശ്യമായ അസംസ്‌കൃത സാധനങ്ങള്‍ വിതരണം നടത്തുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സീല്‍വെച്ച കവറുകളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ഉത്തരമേഖല, പട്ടികജാതി വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. അവസാനതീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ട് മണിവരെ. 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 8547630005, 9747609089 ഇ-മെയില്‍: [email protected]

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മികവാര്‍ന്ന വിദ്യാഭ്യാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളോടുകൂടി താമസിച്ച് പഠിക്കുന്നതിനുമായി മരുതോങ്കരയില്‍ ആരംഭിച്ച പെണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ, പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍നിന്നും ലഭിക്കും. വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 10. അപേക്ഷയോടൊപ്പം വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2370379, 2370657

അറിയിപ്പ്

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിഗ്രി യോഗ്യതകളുള്ളവര്‍ക്കായി തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം, വ്യക്തിത്വ വികസനം, ഇന്റര്‍വ്യൂ, കരിയര്‍ ഡെവലപ്‌മെന്റ് എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8590893066

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സി(ഇംഹാന്‍സ്)ലെ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കഅവസാന തീയതി ഫെബ്രുവരി 23 ഉച്ചക്ക് രണ്ട് മണി. 24ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2359352

ഗതാഗത നിയന്ത്രണം

താമരശ്ശേരി പള്ളിപ്പുറം റോഡില്‍ ഉപരിതലം പുതുക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. വാഹനങ്ങള്‍ തച്ചംപൊയില്‍ വഴി കടന്നു പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ലേലം

ചേവായൂര്‍ ഗവ. ത്വക്ക് രോഗാശുപത്രി കോമ്പൗണ്ടിലെ 41 മരങ്ങള്‍ വില്പന നടത്തുന്നതിന് ഫെബ്രുവരി16 രാവിലെ 11.30ന് ആശുപത്രി റിക്രിയേഷന്‍ ഹാളില്‍ പൊതുലേലം നടത്തും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2355840

താക്കോല്‍ദാനം നിര്‍വ്വഹിച്ചു

പി.എം.എ.വൈ.ജി പദ്ധതിപ്രകാരം തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തികരിച്ച 28 വീടുകളുടെ താക്കോല്‍ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ നിര്‍വ്വഹിച്ചു. 95 കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചത്. മറ്റു വീടുകളുടെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. താമസിക്കാന്‍ സ്വന്തമായൊരു വീട് എന്ന സ്വപ്നം സഫലമായതിന്റെ സന്തോഷം കുടുംബാംഗങ്ങള്‍ പങ്കുവെച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. ദേവികരാജ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടില്‍, മെമ്പര്‍മാരായ അഡ്വ. സജീവന്‍, എ.കെ. ഉമേഷ്, എ. ഡാനിയ, നജ്മ യാസിര്‍, ജോയന്റ് ബി.ഡി.ഒ പി.വി സുചീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഒറ്റത്തവണ തീര്‍പ്പാക്കല്‍: കാലാവധി ദീര്‍ഘിപ്പിച്ചു

വിവിധ കാരണങ്ങളാല്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ബാധ്യത തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 2020 മാര്‍ച്ച് 31ന് ഏറ്റവും കുറഞ്ഞത് നാല് വര്‍ഷമെങ്കിലും കുടിശ്ശികയുള്ള വാഹനങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. 2016 ഏപ്രില്‍ 1 ന് ശേഷമുള്ള കാലയളവിലേക്ക് നികുതി അടയ്ക്കാത്ത ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ അവസാനത്തെ നാലു വര്‍ഷത്തെ നികുതിയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 40 ശതമാനവും അടച്ച് 2020 മാര്‍ച്ച് 31 വരെയുള്ള നികുതി കുടിശ്ശിക പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. 2016 മാര്‍ച്ച് 3ന് മുമ്പ് വാഹനം വിറ്റുപോയെങ്കിലും പഴയ ഉടമയുടെ പേരില്‍ തന്നെ ഉടമസ്ഥാവകാശം നിലനില്‍ക്കുകയും വാഹനത്തെകുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും നികുതി കുടിശ്ശിക വരുത്തുകയും ചെയ്തിട്ടുള്ള വാഹന ഉടമകള്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്തി നികുതി ബാധ്യതയില്‍ നിന്നും ഒഴിവാകാവുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാപദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 60,000 രൂപ മുതല്‍ 4,00,000 രൂപ വരെയാണ് വായ്പാതുക. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. 3 വര്‍ഷം മുതല്‍ 5 വര്‍ഷംവരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2767606, 9400068511

അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കാന്‍ ഉത്തരവ്

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയില്‍പ്പെടുന്ന പൊതുസ്ഥലങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യാപാര സ്ഥാപനങ്ങളും പരസ്യ ഏജന്‍സികളും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, ബാനറുകള്‍ , ഹോര്‍ഡിങുകള്‍, കൊടികള്‍ എന്നിവ സ്വന്തംചെലവില്‍ എടുത്തുമാറ്റണമെന്ന് കോഴിക്കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

എസ്.ടി. പ്രൊമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net

ചാലപ്പുറം, പയ്യാനക്കല്‍ സ്‌കൂളുകളിലെ കെട്ടിടം ഉദ്ഘാടനം ചെയ്തു; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശിലാഫലകം അനാഛാദനം ചെയ്തു

ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലും പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാകിരണം മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഉദ്ഘാടനശേഷം സ്‌കൂളുകളില്‍ നടന്ന പരിപാടിയില്‍ തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ശിലാഫലകം അനാഛാദനം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo ആവിഷ്‌കരിച്ചതെന്നു മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍നിന്ന് മൂന്ന് കോടിരൂപവീതം ചെലവഴിച്ചാണ് സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്.

ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പ്രൊജക്ടായ അഗ്രികള്‍ച്ചറല്‍ ബ്രിഗേഡ് ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഡബ്ല്യൂ.എ.പി.എസ്.സി.ഒ പ്രൊജക്ട് എഞ്ചിനീയര്‍ കെ.അബ്ദുള്‍ റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നികുതി അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ പി.കെ നാസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.എം പ്രിയ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.ടി കൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് പി.അബ്ദുള്‍ ജബ്ബാര്‍, എസ്.പി.സി അസിസ്റ്റന്റ് ജില്ലാ നോഡല്‍ ഓഫീസര്‍ ഷിബു മൂടാടി തുടങ്ങിയവര്‍ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ലൈല കെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ.ടി. അബ്ദുള്‍ ഹമീദ് നന്ദി പറഞ്ഞു.

പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ പ്രമോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍മാരായ ബിജുലാല്‍, ജയശീല, വി.എച്ച്.എസ്.ഇ എ.ഡി. സെല്‍വമണി, ഡി.ഇ.ഒ. സൂപ്രണ്ട് വിശ്വനാഥ്, കോഴിക്കോട് സിറ്റി എ.ഇ.ഒ. ഖാലിദ്, എസ്.എസ്.കെ. ബി.പി.ഒ. അബ്ദുല്‍ ഹകീം, പി. ടി. എ. പ്രസിഡന്റ് ബിഷാദ്, എസ്.എം.സി. ചെയര്‍മാന്‍ ഇബ്രാഹിം ബാബു, സ്‌കൂള്‍ സംരക്ഷണസമിതി അംഗം ബാവ, വാപ്കോസ് പ്രതിനിധി അബ്ദുല്‍ റസാഖ്, സ്റ്റാഫ് സെക്രട്ടറി സിറാജ്ജുദ്ധീന്‍, ജനപ്രതിനിധികളായ ശിഹാബ്, നാസര്‍ ചക്കുംകടവ് തുടങ്ങിയവര്‍ പങ്കെടുത്തു.

പട്ടികജാതി ഫണ്ട് വിനിയോഗം: ജില്ലയില്‍ നൂറ് ശതമാനം കൈവരിച്ച രണ്ടാമത്തെ പഞ്ചായത്തായി തിക്കോടി

പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച രണ്ടാമത്തെ പഞ്ചായത്തായി തിക്കോടി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി വിഭാഗത്തിനായി 32,46,000 രൂപയാണ് പഞ്ചായത്തിന് അനുവദിച്ചത്. എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്, ഫര്‍ണ്ണിച്ചര്‍ വിതരണം, വയോജനങ്ങള്‍ക്ക് കട്ടില്‍, ലൈഫ് ഭവനം, എസ്.സി. വീടിന്റെ ഗുണമേന്മ വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയാണ് തിക്കോടി പഞ്ചായത്ത് നൂറ് ശതമാനം ഫണ്ട് വിനിയോഗിച്ചത്.

നിലവിലെ സെന്‍സസ് പ്രകാരം പട്ടികജാതി വിഭാഗത്തില്‍പെട്ട 1,433 പേരാണ് പഞ്ചായത്തിലുള്ളത്. വിദ്യാര്‍ഥികളും വയോജനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടെ സാമൂഹിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനാണ് എല്ലാവര്‍ഷവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം തിക്കോടി പഞ്ചായത്ത് കൈവരിക്കുന്നത്. പഞ്ചായത്തില്‍ ഉള്‍പ്പെട്ട 104 പേര്‍ക്കാണ് വിവിധ പദ്ധതികള്‍ വഴി ഫണ്ട് നല്‍കിയത്.

പ്രൊഫഷണല്‍ കോഴ്‌സ്, ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ എന്നിവ പഠിക്കുന്ന പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 16 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. കൂടാതെ 21 വിദ്യാര്‍ഥികള്‍ക്ക് ഫര്‍ണ്ണിച്ചറും നല്‍കി. 5,18,332 രൂപയാണ് ഇതിനായി ചെലവഴിച്ചത്. 1,52,250 രൂപ വിനിയോഗിച്ച് 34 വയോജനങ്ങള്‍ക്ക് കട്ടിലുകളും വിതരണം ചെയ്തു.

സ്വന്തമായി വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 18 പേര്‍ക്കാണ് പഞ്ചായത്ത് വീടു നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചത്. എസ്.സി വിഹിതത്തില്‍നിന്നും 16,26,418 രൂപയാണ് ഇതിനായി പഞ്ചായത്ത് അനുവദിച്ചത്. അതോടൊപ്പം വീടുകളുടെ പുനരുദ്ധാരണത്തിനായി അപേക്ഷിച്ച പത്ത് പേര്‍ക്കും അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തിലേതില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കായി 3,49,000 രൂപയും പഞ്ചായത്ത് വകയിരുത്തി.

അംഗണവാടികളിലൂടെയുള്ള പോഷകാഹാര വിതരണത്തിനായി ഐ.സി.ഡി.എസ് മുഖേന രണ്ട് ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഒരു ലക്ഷം രൂപ എസ്.എസ്.കെ വിഹിതമായും പഞ്ചായത്ത് ചെലവഴിച്ചു.