നടുവത്തൂര്‍ സ്വദേശി ബാബുവിന്റെ പക്കലുണ്ട് മരത്തില്‍ തീര്‍ത്ത എല്‍.ഇ.ഡി വിളക്ക്; ഒറ്റച്ചാര്‍ജില്‍ എട്ട് മണിക്കൂര്‍ വരെ വെളിച്ചം


നടുവത്തൂര്‍: ഇലക്ട്രീഷ്യനായ നടുവത്തൂര്‍ സ്വദേശി കെ.സി ബാബുവിന്റെ കരവിരുതില്‍ തീര്‍ത്തത് പെട്രോമാക്സിന്റെ രൂപത്തിലുള്ള എമര്‍ജന്‍സി എല്‍.ഇ.ഡി ലാംപുകള്‍. മരത്തില്‍ തീര്‍ത്ത ന്യൂ ജെന്‍ പെട്രോമാക്സ് ഒറ്റച്ചാര്‍ജില്‍ എട്ട് മണിക്കൂര്‍ വരെ വെളിച്ചം തരും. വൈദ്യുതിയിലും ചാര്‍ജ് ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത.

4700 രൂപ വിലയുള്ള ഒരു ചൈനീസ് ലാംപാണ് ഇത്തരമൊന്നു നിര്‍മ്മിക്കുന്നതിന് ബാബുവിന് പ്രേരണയായത്. നാല് ലക്ഷത്തി ഇരുപതിനായിരം രൂപ ബാങ്ക് ലോണെടുത്താണ് ബാബു പുതിയ സംരംഭം ആരംഭിച്ചത്. ഏത് മരത്തിലും തീര്‍ത്ത് കൊടുക്കുന്ന ബാബുവിന്റെ എല്‍ഇഡി ലാംപിന് 4400 രൂപ മുതലാണ് വില. ഇതിന് ഒരു വര്‍ഷത്തെ ഫുള്‍ ഗ്യാരണ്ടിയും അദ്ദേഹം നല്‍കുന്നുണ്ട്.

ആദ്യം നിര്‍മിച്ച നാല്‍പതോളം വിളക്കുകള്‍ വിറ്റുപോയതോടെ പദ്ധതി വ്യാവസായികാടിസ്ഥാനത്തിലാക്കി. എന്നാല്‍ കൊവിഡ് മഹാമാരിയും അടച്ചിടലും ബാബുവിന്റെ പാതയ്ക്ക് വിലങ്ങുതടിയായി. തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ബാബു. പ്രതിസന്ധിക്കിടയിലും തന്റെ കഴിവുകള്‍ ഉപയോഗിച്ചുള്ള പുതിയ പരീക്ഷണത്തിലാണ് അദ്ദേഹം. ആലിലയില്‍ എല്‍ഇഡി മാജിക് തീര്‍ക്കാനുള്ള പുതിയ പണിയും ബാബു ആരംഭിച്ചുകഴിഞ്ഞു.