കളിക്കാം, ടിവി കാണാം, പഠിക്കാം; മേപ്പയ്യൂരില്‍ കൂടുതൽ അങ്കണവാടികൾ ക്രാഡിലാകുന്നു


മേപ്പയ്യൂർ: കളിച്ചുവളരാം, ബോറടിച്ചാൽ ഇടയ്‌ക്ക്‌ ടിവി കാണാം, പാട്ട്‌ കേട്ട്‌ നൃത്തവും ചെയ്യാം, ഒപ്പം പ്രത്യേക മെനുവിൽ സമഗ്ര പോഷകാഹാരവും. മേപ്പയ്യൂർ പഞ്ചായത്തിലെ ഒൻപതാം വാർഡിലെ പുളിയത്തിങ്കൽ ഭാഗത്തെ അഗണവാടിയിലെത്തുന്ന കുരുന്നുകളെ കാത്തിരിക്കുന്നത് ഇവയെല്ലാമാണ്. പഞ്ചായത്തിലെ പത്തൊമ്പതാമത്തെ അങ്കണവാടിയുടെ ക്രാഡിൽ പദവി പ്രഖ്യാപനം ടി.പി രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

പഞ്ചായത്തിലെ 18 അങ്കണവാടികൾ നേരത്തെ ആധുനികവത്ക്കരിച്ച് ക്രാഡില്‍ അങ്കണവാടികളാക്കി ഉയര്‍ത്തിയിരുന്നു. അങ്കണവാടികളെ നവീകരിച്ച് ശിശു സൗഹൃദവും, കുട്ടികളുടെ വളര്‍ച്ചയും, വികാസവും പരിപോഷിപ്പിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ക്രാഡില്‍ അങ്കണവാടികളിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി പെയിന്റ് ചെയ്യുന്നതോടൊപ്പം ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, ടെലിവിഷന്‍, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡ് എന്നിവ സ്ഥാപിക്കും. കുട്ടികളുടെ പോഷണകുറവ് പരിഹരിക്കുന്നതിനായി അങ്കണവാടികളില്‍ ക്രാഡില്‍ മെനുവും ഒരുക്കിയിട്ടുണ്ട്.

ആകെ 29 അങ്കണവാടികളാണ് പഞ്ചായത്തിലുള്ളത്. അതിൽ 19 എണ്ണം ക്രാഡിലാക്കി ഉയർത്തി. ബാക്കിയുള്ളവ അടുത്ത വർഷം തന്നെ ക്രാഡിൽ ആക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസർ അബ്ദുൾ ബാരി പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി.രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തം​ഗം മിനി അശോകൻ, സൂപ്പർവൈസർ പി.റീന ഇ.കെ.മുഹമ്മദ് ബഷീർ, പി.ബാലൻ, സുമ എന്നിവർ സംസാരിച്ചു

Summary: More Anganwadis become cradle in Mepayyur