വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങള്‍, അന്താരാഷ്ട്ര ജലമേള: ബേപ്പൂരില്‍ ഒരുക്കുന്നത് ശക്തമായ സുരക്ഷ
കോഴിക്കോട്: ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇത്തവണ ബേപ്പൂരിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സമീപ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആളുകള്‍ എത്തുന്നതിനാല്‍ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ബേപ്പൂരില്‍ ഏര്‍പ്പെടുത്തുന്നത്.
വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് ഉള്‍പ്പടെ വിപുലമായ സൗകര്യങ്ങള്‍ തയ്യാറാക്കി. അഗ്നിശമന, ആംബുലന്‍സ് സംവിധാനം ഉള്‍പ്പടെ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തും. സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തിയിരുന്നു.
ക്രിസ്തുമസ്സ് അവധിക്കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എത്തിച്ചേരുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലുമായാണ് ഇത്തവണ ഫെസ്റ്റ് നടക്കുന്നത്.