ഫറോക്കില്‍ പെട്ടിക്കണക്കിന് മദ്യക്കുപ്പികള്‍ റോഡില്‍ വീണ സംഭവം; ലോറിയെക്കുറിച്ച് സൂചന ലഭിച്ചു, ഡ്രൈവര്‍ക്കെതിരെ കേസ്
ഫറോക്ക്: വിദേശമദ്യം കയറ്റിവന്ന ചരക്കുലോറിയില്‍നിന്ന് ഫറോക്ക് പഴയപാലത്തില്‍ പെട്ടിക്കണക്കിന് മദ്യക്കുപ്പികള്‍ റോഡില്‍ വീണ സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അപകടമുണ്ടാക്കിയ ലോറിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതിനു പിന്നാലെയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 6.30നാണ് പഞ്ചാബില്‍നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി പാലത്തിന്റെ ഫറോക്ക് ഭാഗത്തെ സുരക്ഷാകമാനത്തില്‍ തട്ടി അമ്പതോളം കെയ്‌സ് മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിയിരുന്നത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് പടിക്കത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പഞ്ചാബില്‍ നിര്‍മിച്ച മദ്യം കൊല്ലത്തെ വെയര്‍ ഹൗസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ലോറി അപകടത്തില്‍പെട്ടതെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെയര്‍ ഹൗസിലെ ജീവനക്കാരോട് ലോറിയിലുണ്ടായിരുന്ന മദ്യത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നടുറോഡില്‍ മദ്യക്കുപ്പികള്‍ കൂട്ടത്തോടെ ചിതറിയത് കണ്ട് ആളുകള്‍ ഓടിക്കൂടിയത് ഗതാഗത പ്രശ്‌നങ്ങള്‍ക്കു വഴിവെച്ചിരുന്നു. ചിലര്‍ മദ്യക്കുപ്പികള്‍ കൈക്കലാക്കുകയും ചെയ്തിരുന്നു. അവശേഷിച്ച മദ്യക്കുപ്പികള്‍ പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന 965 കുപ്പി മദ്യം കോടതിയില്‍ ഹാജരാക്കി.