സ്വയം സുരക്ഷ പരിശീലിക്കാനും ആത്മവിശ്വാസം വളർത്താനും ഗ്രാസ് റൂട്ട് ജോഡോ; ആദ്യ ഘട്ടത്തില്‍ മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം
മേപ്പയ്യൂർ: കായികയുവജന കാര്യാലയത്തിന്റെ നേതൃത്വത്തിൽ ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതി വരുന്നു. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളിൽ എട്ട് മുതൽ പതിനൊന്ന് വരെയുള്ള കുട്ടികൾക്കായാണ് ജൂഡോക എന്ന പേരില്‍ പരിശീലന പദ്ധതി നടപ്പാക്കുന്നത്. മേപ്പയ്യൂർ ഹയർസെക്കണ്ടറി സ്കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്കൂളുകളിലെയും നാല്പത് കുട്ടികൾ ആദ്യ ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടും. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 26 തിങ്കളാഴ്ച വൈകീട്ട് മൂന്ന്മണിക്ക് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്റെ അദ്ധ്യക്ഷതയിൽ എം.എൽ.എ. ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും.
സംസ്ഥാനത്തെ ജൂഡോയുടെ പ്രചരണവും വളർച്ചയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കുട്ടികളിൽ സ്വയം രക്ഷ പരിശീലിപ്പിക്കുന്നതിനും ചിട്ടയും ആത്മവിശ്വാസവുമുള്ള ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും ജൂഡോ പരിശീലനം സഹായകമാകും.
ജൂഡോയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ വാര്‍ത്തെടുക്കാനും ശാസ്ത്രീയ രീതികളിലൂടെ കുട്ടികളിലെ കഴിവ് വികസിപ്പിച്ച് ഉന്നതതലത്തിലുള്ള മത്സരങ്ങള്‍ അഭിമുഖീകരിക്കുന്നതിന് അവരെ സജ്ജരാക്കാനും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്.