വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ; ആയിരം ദിനം പൂര്‍ത്തിയാക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഭക്ഷണവിതരണം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷണ വിതരണ പരിപാടി ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ ആയിരം ദിനം പൂര്‍ത്തിയാക്കി. ആയിരാമത് ദിവസത്തെ ഭക്ഷണ വിതരണം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഭക്ഷണം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.ബബീഷ് എന്നിവരും സന്നിഹിതരായി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സതീഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങില്‍ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് കമ്മിറ്റി ട്രഷറര്‍ പി.വി.അനുഷ, ജോയിന്റെ സെക്രട്ടറിമാരായ ദിനൂപ്.സി.കെ, സി.ബിജോയ്, വൈസ് പ്രസിഡന്റ്മാരായ റിബിന്‍ കൃഷ്ണ, ടി.കെ.പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡിന്റെ ആരംഭത്തില്‍ ഹോട്ടലുകളെല്ലാം അടച്ചസമയം രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും, സ്റ്റാഫുകള്‍ക്കുമെല്ലാം ഭക്ഷണം കിട്ടാന്‍ ബുദ്ധിമുട്ടായ അവസരത്തിലാണ് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ രണ്ട് നേരം ഭക്ഷണ വിതരണം ആരംഭിച്ചത്. ബ്ലോക്കിലെ വിവിധ യൂനിറ്റുകളില്‍ നിന്നായി നൂറുകണക്കിന് യുവതീ യുവാക്കളാണ് ഈ പദ്ധതിയുടെ ഭാഗമായി 1000 ദിവസം കൊണ്ട് ഭക്ഷണവിതരണത്തിനായി ആശുപത്രിയില്‍ എത്തിയത്.

യൂണിറ്റുകളിലെ പ്രവര്‍ത്തകരുടെ ജന്മദിനം, വിവാഹവാര്‍ഷികം, ഓര്‍മ്മദിനം തുടങ്ങിയ ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക ഈ സന്നദ്ധ പ്രവര്‍ത്തനത്തിനായി മാറ്റിവെച്ചുകൊണ്ടാണ് ഇതുവരെ ഈ പരിപാടിക്കായി ഫണ്ട് കണ്ടെത്തിയത്.