അഴിയൂരില്‍ എട്ടാം ക്ലാസുകാരിയെ ലഹരിക്കടത്തിന് ഉപയോഗിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ചൊവ്വാഴ്ച, എസ്എച്ച്ഒ, സ്‌കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കും
അഴിയൂര്‍: അഴിയൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്കടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെവ്വാഴ്ച തെളിവെടുപ്പ് നടത്തും. ജില്ല വിദ്യാഭ്യാസ ഓഫിസര്‍, വടകര, ചോമ്പാല പോലീസ് എസ്എച്ച്ഒ, സ്‌കൂളിലെ പ്രധാനാധ്യാപകന്‍, പ്രിന്‍സിപ്പല്‍, പിടിഎ കമ്മിറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, ജില്ല ശിശുക്ഷേമ ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ തുടങ്ങിയവരില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനുമെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പോലീസ് കേസ് വഴിതിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ കൃത്യസമയത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്യ്തില്ലെന്നും കുടുംബം ആരോപിച്ചു. ഇത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഇവര്‍ വിദ്യാഭ്യാസ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെയും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ശിശുക്ഷേമ സമിതി കുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, വിദ്യാര്‍ഥി പൂര്‍ണ ആരോഗ്യവതിയല്ലാത്തതിനാല്‍ ചികിത്സയ്ക്കും കൗണ്‍സലിംഗിനും ശേഷം മൊഴിയെടുക്കാനാണ് ഇവരുടെ തീരുമാനം.