സംസ്ഥാന കലോത്സവത്തിനൊരുങ്ങി കോഴിക്കോട്, പ്രധാന വേദി വിക്രം മൈതാനി, പന്തലിന്‍റെ കാല്‍നാട്ടി


കോഴിക്കോട്: കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ ഒത്തൊരുമയോടുകൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റ പന്തൽ കാൽ നാട്ടൽ കർമ്മം പ്രധാന വേദിയായ വിക്രം മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോടിന്റെ പുറത്തുള്ള എല്ലാവർക്കും ഇവിടെ വരാൻ സാധ്യമാകുന്ന രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ എങ്ങനെയാണോ സ്വീകരിക്കുന്നത് അതിനു സമാനമായിട്ടാണ് കോഴിക്കോട് കലോത്സവത്തിൽ പങ്കുകൊള്ളാൻ വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കാഴ്ചക്കാരെയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കമായ കേരള സ്കൂൾ കലോത്സവം റിവഞ്ച് സ്കൂൾ കലോത്സവമായി മാറുമെന്ന് ഉറപ്പാണ്. വിക്രം മൈതാനം ലഭിച്ചതോടെ പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമായി. എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കി ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഇല്ലാതെ കലോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ മനോജ്‌ കുമാർ, എസ്. എസ്. കെ ജില്ലാ കോർഡിനേറ്റർ അബ്ദുൾ ഹക്കീം, വിവിധ കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Summary: Satae level school arts festivel