‘സ്‌കൂളിലെ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ചതിനാല്‍ മാനസികമായി പീഡിപ്പിക്കുന്നു’; പ്രധാനാധ്യാപകനെതിരെ പരാതിയുമായി കാവുംവട്ടം മുസ്ലിം യു.പി സ്‌കൂളിലെ അധ്യാപിക, സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമെന്ന് പ്രധാനാധ്യാപകന്‍



[ കാവുംവട്ടം യു.പി സ്കൂളിലെ അധ്യാപികയാണ് പരാതി നൽകിയത് എന്ന തരത്തിൽ ആദ്യം പ്രചരിച്ച വാർത്ത തെറ്റാണ്. കാവുംവട്ടം എം.യു.പി സ്കൂളിലെ അധ്യാപികയാണ് പരാതി നൽകിയത്. കാവുംവട്ടം യു.പി സ്കൂളും കാവുംവട്ടം എം.യു.പി സ്കൂളും വ്യത്യസ്ത സ്കൂളുകളാണ്. തെറ്റ് പറ്റിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. ]


കൊയിലാണ്ടി: പ്രധാനാധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി കാവുംവട്ടം മുസ്ലിം യു.പി സ്‌കൂളിലെ അധ്യാപിക. സ്‌കൂളില്‍ നടന്ന കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കാതിരുന്നതിനെ തുടര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രധാനാധ്യാപകനായ കെ.കെ.മനോജിനെതിരെ അധ്യാപിക കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്.

സ്‌കൂളില്‍ വരാത്ത കുട്ടികളെ ഉച്ചക്കഞ്ഞി രജിസ്റ്ററില്‍ ചേര്‍ക്കുന്നത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രധാനാധ്യാപകന്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതെന്ന് അധ്യാപിക പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കരുതെന്നും ശുചിമുറി ഉപയോഗിക്കരുതെന്നും തന്നോട് പറഞ്ഞതായും പരാതിയില്‍ പറയുന്നു. തിങ്കളാഴ്ചയാണ് അധ്യാപിക പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അതേസമയം അധ്യാപികയുടെ പരാതിയിലെ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് കാവുംവട്ടം എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ മനോജ് രംഗത്തെത്തി. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അധ്യാപിക വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും പറഞ്ഞ മനോജ് ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

സ്റ്റാഫ് മീറ്റിങ്ങുംും മാനേജ്‌മെന്റ് കമ്മിറ്റിയും പി.ടി.എ എക്‌സിക്യുട്ടീവ് കമ്മിറ്റിയും അധ്യാപികയുടെ പരാതി അന്വേഷിക്കുകയും കഴമ്പില്ലെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അധ്യാപിക പരാതി നല്‍കിയത് സ്‌കൂളിനെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്നും മനോജ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തനിക്കെതിരെ പരാതി നല്‍കിയ അധ്യാപികയുടെ പെരുമാറ്റത്തെ കുറിച്ച് രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ അത് മാനേജര്‍, എ.ഇ.ഒ, ഡി.ഡി., ഡി.പി.ഐ എന്നിവര്‍ക്ക് ആര്‍ക്കെങ്കിലുമാണ് നല്‍കേണ്ടത്. അതിന് പകരം പൊലീസിനെ സമീപിച്ചതില്‍ നിന്ന് ഗൂഡാലോചന വ്യക്തമാണെന്നും മനോജ് ആരോപിച്ചു.

അധ്യാപികയുടെ പരാതിയിന്മേല്‍ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.


Also Read: പ്രധാനാധ്യാപകനെതിരെ പരാതി കൊടുത്തത് കാവുംവട്ടം എം.യു.പി സ്‌കൂളിലെ അധ്യാപിക; നടേരി കാവുംവട്ടം യു.പി സ്‌കൂളിന്റെതെന്ന തരത്തില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…