ഒരുതുള്ളി വെള്ളംപോലും കുടിക്കാതെ 30 മണിക്കൂര്‍, മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനായി രക്ഷാപ്രവര്‍ത്തനം തുടരുന്നു; പ്രാര്‍ത്ഥനയോടെ നാട്
പാലക്കാട്: മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവ് ബാബുവിന് വേണ്ടി പ്രാര്‍ഥനയോടെ കേരളം. മലയില്‍ അകപ്പെട്ട് മുപ്പത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇതുവരെ യുവാവിന് ഭക്ഷണോ ഒരു തുള്ളി വെള്ളമോ എത്തിക്കാനായിട്ടില്ല. കാലിന് പരിക്കേറ്റതിനാലും ഭക്ഷണം കഴിക്കാത്തതിനാലും ആരോഗ്യസ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്കകളാണുള്ളത്. കഴിഞ്ഞ രാത്രിയിലെ കടുത്ത തണുപ്പും പകല്‍നേരത്തെ ചുട്ടുപൊള്ളുന്ന വെയിലും വിശപ്പും ക്ഷീണവും ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാവുമെന്നുറപ്പാണ്. ഈ ഒരു രാത്രി കൂടി അതിജീവിക്കാന്‍ ബാബുവിനെ സാധിക്കണേയെന്നാണ് രക്ഷാപ്രവര്‍ത്തകരും കുടുംബവും കൂട്ടുകാരും ഒരുപോലെ പ്രാര്‍ഥിക്കുന്നത്.
രക്ഷാപ്രവര്‍ത്തനം ശക്തിപ്പെടുത്താനായി ബെംഗളൂരുവില്‍ നിന്നുള്ള സൈനിക സംഘവും വെല്ലിങ്ടണില്‍ നിന്നുള്ള സംഘവും പാലക്കാടേക്ക് തിരിച്ചിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി കീഴടക്കിയവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ബെംഗളൂരുവില്‍ നിന്ന് സംഭവസ്ഥലത്തേക്ക് തിരിക്കുന്നത്.
മതിയായ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കാതെ മകന് സാഹസിക യാത്ര നടത്തിയത് തെറ്റായിപ്പോയെങ്കിലും മകന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ബാബുവിന്റെ അമ്മ പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ആത്ഥാര്‍ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവനെ രക്ഷപ്പെടുത്താന്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മകന് വേണ്ടി പ്രാര്‍ഥിക്കണം. മകന് വേണ്ടിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നും അമ്മ പറഞ്ഞു.