‘അവരാണ് അന്നും ഇന്നും എന്റെ മെസിയും നെയ്മറുമെല്ലാം, അവരുടെ വിജയങ്ങൾ ആഘോഷിക്കാൻ ‘ചിയർ ഗേൾസാ’യി ഞങ്ങൾ പെൺപട പോവാറുണ്ടായിരുന്നു…’; ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിലെ ഫുട്ബോൾ ഓർമ്മകൾ എഴുതുന്നു, അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥ്


കൊയിലാണ്ടി: ലോകം മുഴുവൻ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഫുട്ബോളിനെ ഏറ്റവുമധികം സ്നേഹിക്കുന്ന മലയാളികൾക്ക് ഫുട്ബോളിനെ കുറിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകൾ ഉണ്ടാകും. അത്തരത്തിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിൽ മുഴുകുമ്പോൾ തന്റെ ഓർമ്മകൾ വർഷങ്ങൾക്കപ്പുറത്തേക്ക് പായുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് പഴയകാലത്തെ നാടൻ ഫുട്ബോളിന്റെ ഓർമ്മകളിലേക്ക് ജയ ഗോപിനാഥ് വായനക്കാരെ കൊണ്ടുപോകുന്നത്.

ഇപ്പോൾ കോഴിക്കോട് പറമ്പിൽ ബസാറിൽ താമസിക്കുന്ന ജയ ഗോപിനാഥ് ജി.എസ്.ടി വകുപ്പിൽ സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റാണ്.

ജയ ഗോപിനാഥിന്റെ കുറിപ്പ് പൂർണ്ണരൂപത്തിൽ

ലോകം മുഴുവൻ കാൽ പന്തുകളിയുടെ ആവേശത്തിൽ മുഴുകി മുന്നോട്ട് കുതിക്കുമ്പോൾ എന്റെ മനസ്സ് വർഷങ്ങൾക്കപ്പുറത്തേക്ക് പായുകയാണ്. ഫുട്ബോൾ കളി ആവേശത്തോടെ കണ്ടിരുന്ന എന്റെ ബാല്യകൗമാരങ്ങളിലേക്ക്.

അന്നും ഇന്നും എനിക്ക് ഇന്റർനാഷണൽ കളികളോട് അത്ര താല്പര്യം ഇല്ല. വീട്ടിനു മുന്നിലെ വയലിൽ എന്റെ നാട്ടുകാരും കൂട്ടുകാരും കളിക്കുന്നതെന്തോ അതാണ് അന്നുമിന്നും എനിക്ക് ഫുട്ബോൾ.

എന്റെ കളികൂട്ടുകാരും ഏട്ടന്മാരും അനിയന്മാരും ഒക്കെ ചേർന്ന് രൂപം കൊടുത്ത ഒരു ചെറിയ ക്ലബ്‌. ജൂബിലി ആർട്സ് & സ്പോർട്സ് ക്ലബ്‌. കണ്ണിനു മുന്നിൽകൂടി വളർന്നു വലുതായി വന്ന ക്ലബ്‌.

ആ ക്ലബിന് ഒരു ഫുട്ബോൾ ടീം ഉണ്ടായി. ഒഴിഞ്ഞ വയലിൽ കളിച്ചു പഠിച്ച കുറെ പേർ. ഒരുപാട് പരിമിതികൾ അവർക്കുണ്ടായിരുന്നു. എങ്കിലും അവർ നല്ല കളിക്കാരായിരുന്നു. ആ ടീം നാടിന്റെ അഭിമാനമായി ഉയർന്നു വന്നു.

കൈ പിടിച്ചു നടത്തിയവരും കൈ പിടിച്ചു നടന്നവരും ആയിരുന്നു കളിക്കാർ. ഇപ്പോളും അവരൊക്കെ തന്നെ എന്റെ മെസ്സിയും നെയ്മറും. പലയിടത്തും കളിച്ചു ജയിച്ചു അവർ. അതിൽ പലതിനും അകമ്പടി സേവിക്കാൻ (ഇന്നത്തെ ചിയർ ഗേൾസ്) ഞങ്ങൾ കുറച്ചു പെൺപട പോവാറുണ്ടായിരുന്നു.

അവർ കളിക്കുന്ന ഫുട്ബോൾ. അത് കാണുമ്പോൾ ഉണ്ടാവുന്ന സന്തോഷം. ആത്മാഭിമാനം. അതിനപ്പുറത്തേക്ക് ഇന്നും എന്റെ ഫുട്ബോൾ ഇഷ്ടം വളർന്നിട്ടില്ല. എത്ര പേർക്ക് ആ ഫീൽ മനസ്സിലാവും എന്നറിയില്ല. എന്റെ ഏറ്റവും വലിയ സ്റ്റേഡിയം മണകുളങ്ങര ഗ്രൗണ്ടും അത് കഴിഞ്ഞാൽ എന്റെ വീട്ടിനു മുന്നിലെ വയലും ആയിരുന്നു. ആ ഓർമ്മചിത്രങ്ങൾ മുഴുവൻ ഹൃദയത്തിലാണ് പതിഞ്ഞത്. ഇന്നും തെളിമയോടെ അതവിടെ തന്നെ ഉണ്ട്.

വീണ്ടും ഉണ്ട് ഓർമ്മകൾ…

വീടിന് മുന്നിലുള്ള ഗ്രൗണ്ട് എന്നാൽ കൃഷിചെയ്യാതെ കിടക്കുന്ന രണ്ടുമൂന്നു പാടങ്ങൾ ചേർന്നുള്ളതായിരുന്നു. (ഇപ്പൊ അതില്ല). വൈകുന്നേരങ്ങളിൽ മഴയോ വെയിലോ നോക്കാതെ ഫുട്ബോൾ കളി നടന്നിരുന്നു.

വഴിയിൽ പോകുന്നവരുടെ തലയിൽ ഫുട്ബോൾ അടി കൊള്ളൽ ഒരു സ്ഥിരം കാഴ്ച ആയിരുന്നു. (ഞാനും ആവശ്യത്തിന് ഏറ്റുവാങ്ങിയിട്ടുണ്ട്). വീട്ടുമുറ്റങ്ങൾ കടന്നു ചെല്ലുന്ന ഫുട്ബോൾ പലപ്പോളും യുദ്ധത്തിന് കാരണമായിരുന്നു.

പക്ഷേ എന്റെ ഓർമയിൽ തെളിഞ്ഞു നിൽക്കുന്ന ഫുട്ബോൾ യുദ്ധം അതല്ല. ഡിസംബർ ജനുവരി മാസങ്ങളിൽ നടക്കുന്ന പച്ചക്കറി കൃഷി. ഞങ്ങളുടെ വയലിൽ അടുത്തുള്ള നാലഞ്ചു വീട്ടുകാർ ചെന്ന് പച്ചക്കറി നട്ടിരുന്നു. കായ് പിടിച്ചു തുടങ്ങിയ പച്ചക്കറികൾക്കിടയിലേക്ക് യാതൊരു ലൈസൻസും ഇല്ലാതെ വന്നുകയറുന്ന ഫുട്ബോളിനെ ചാടിപിടിച്ചു അതിനോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ അതിന്മേൽ കുത്തിയിരുന്ന് മുഴുവൻ കളിക്കാരെയും നോക്കി ‘ഇത് ഇനി തിരിച്ചു കിട്ടാനുള്ള വഴി നോക്കിക്കോ…’ എന്ന് വെല്ലുവിളിച്ചു ഇരിക്കുന്ന എന്റെ വീട്ടിനടുത്തുള്ള ഒരു അമ്മമ്മ ആണ് എന്റെ എക്കാലത്തെയും ഫുട്ബോൾ ഓർമ്മചിത്രം.

എല്ലാവരും ലോകകപ്പ് ആവേശത്തിൽ ആഴ്ന്നിറങ്ങുമ്പോൾ എന്റെ മനസ്സ് ഇപ്പോളും ജൂബിലിയിലും മുന്നിലെ വയലിലും മണക്കുളങ്ങര ഗ്രൗണ്ടിലും തപ്പിത്തടഞ്ഞു നിൽക്കുകയാണ്. ചുറ്റും നടക്കുന്ന ആവേശത്തെ പകച്ചു നോക്കിക്കൊണ്ട്‌… ഓർമകളിൽ കുടുങ്ങികിടക്കുന്ന മനസ്സിനെ വീണ്ടെടുക്കാൻ ഒരു പാഴ്ശ്രമം നടത്തികൊണ്ട്… ഒരിക്കൽ കൂടി ആ നല്ല നാളുകൾ തിരിച്ചു വന്നെങ്കിൽ എന്നാശിച്ചു കൊണ്ട്…