”പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കമ്പിയില്‍ തൂങ്ങി അലറി വിളിച്ച് പെണ്‍കുട്ടി, രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജീവനക്കാരന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ അയാളും അപകടത്തില്‍പ്പെടുമെന്ന അവസ്ഥ, ഒടുക്കം ബാലന്‍സ് വീണ്ടെടുത്ത് പ്ലാറ്റ്‌ഫോമിലേക്കൊരു ചാട്ടം” വടകരയില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ജീവന്‍പണയപ്പെടുത്തി രക്ഷിച്ച് ആര്‍.പി.എഫ് ജീവനക്കാരന്‍


വടകര: നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍വരി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍.പി.എഫ് ) ഹെഡ്‌കോണ്‍സ്റ്റബിള്‍ പിണറായി വൈഷ്ണവം വീട്ടില്‍ മകേഷിന്റെ കൃത്യസമയത്തെ ഇടപെടലാണ് പെണ്‍കുട്ടിക്ക് തുണയായത്.

ഞായറാഴ്ച വൈകിട്ട് വടകര റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ആയിരുന്നു സംഭവം. പരശുറാമിലെ ഭിന്നശേഷിക്കാര്‍ക്കുള്ള കോച്ചില്‍ മറ്റ് യാത്രക്കാര്‍ കയറിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് മകേഷ് എത്തിയത്. പരിശോധനയ്ക്കുശേഷം അവിടെ നില്‍ക്കുമ്പോഴാണ് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാനായി പെണ്‍കുട്ടി ബാഗുമായി ഓടിവരുന്നത് കണ്ടത്. ഓടിക്കയറരുതെന്ന് ഇദ്ദേഹം പെണ്‍കുട്ടിയെ വിലക്കുന്നുണ്ടായിരുന്നു.

അതൊന്നും ശ്രദ്ധിക്കാതെ ട്രയിനിലേക്ക് ചാടി കയറുന്നതിനിടെ ഷൂ വഴുതി കാല്‍ രണ്ടും ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ട് ഒരു കൈകൊണ്ട് കമ്പിയില്‍ പിടിച്ചു നിലവിളിക്കുന്നതാണ് പിന്നീട് കണ്ടത്. ഉടന്‍ ഓടിയെത്തിയ മകേഷ് കുട്ടിയെ പിടിച്ചുയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി വെപ്രാളത്തില്‍ ഇടതുകൈകൊണ്ട് മകേഷിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ചതോടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുമെന്ന നിലയായി. ഒരുനിമിഷം ബാലന്‍സ് വീണ്ടെടുത്ത മകേഷ് ഒരു കൈകൊണ്ട് ട്രാക്കില്‍വീഴാതെ പെണ്‍കുട്ടിയെ ഉയര്‍ത്തി പ്ലാറ്റ്‌ഫോമിലേക്ക് ചാടി. രണ്ടുപേരും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപ്പോഴേക്കും ലോക്കോ പൈലറ്റ് ട്രയിന്‍ നിര്‍ത്തുകയും ചെയ്തു. ഇനി ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന ഉപദേശത്തോടെ പെണ്‍കുട്ടിയെ അതേവണ്ടിയില്‍ കയറ്റിവിട്ടു.

21 വര്‍ഷമായി ആര്‍പിഎഫില്‍ ജോലി ചെയ്യുന്ന മകേഷ് ഒന്നരവര്‍ഷം മുന്‍പാണ് വടകരയില്‍ സ്ഥലം മാറി എത്തിയത്. രാത്രി മാവേലി എക്‌സ്പ്രസില്‍ ഉറങ്ങിപ്പോയ സ്ത്രീ ഇതേ സ്റ്റേഷനില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് ചാടിയപ്പോള്‍ രക്ഷകനായതും മകേഷ് ആണ്.