ഒട്ടക സവാരി, കുതിര സവാരി, അമ്യൂസ്മെൻറ് പാർക്ക്, ഒപ്പം വൈവിധ്യമാർന്ന ഭക്ഷണവും; എല്ലാം മറന്ന് ഉല്ലസിക്കാനായി വടകര ബീച്ച് ഫെസ്റ്റ് വരുന്നു, സാന്റ് ബാങ്ക്സിൽ നടക്കുന്ന പരിപാടിയെ കുറിച്ച് കൂടുതൽ അറിയാം
വടകര: സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9 മുതൽ 2023 ജനുവരി 1 വരെ സാൻഡ് ബാങ്ക്സ് പരിസരത്ത് വിനോദ-വിജ്ഞാന പ്രദർശനം ‘വടകര ബീച്ച് ഫെസ്റ്റ് ‘ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടൂറിസം രംഗത്ത് വടകര താലൂക്ക് പ്രവർത്തനമേഖലയായി രൂപീകരിച്ച് സൊസൈറ്റിയാണ് സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുകയാണ് സൊസൈറ്റിയുടെ ലക്ഷ്യം.
വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ടൂർ പാക്കേജുകൾ, ഉത്തരവാദ ടൂറിസം പ്രോത്സാഹിപ്പിക്കൽ, വി നോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കൽ, ടൂറിസത്തിന് ആവശ്യമായ വാഹനങ്ങൾ, റിസോർട്ട് സൗകര്യങ്ങൾ, ടൂറിസം മേഖലയിലെ തൊഴിൽ സംരഭങ്ങൾ ഒരുക്കൽ എന്നിവ ഇതിൽ ഉൾപ്പെടും. സൊസൈറ്റിയുടെ പ്രരംഭപ്രവർത്തനമായാണ് ബീച്ച് ഫെസ്റ്റ് നടക്കുന്നത്.
പൊതുജനങ്ങൾക്ക് കുടുംബസമേതം സന്ദർശിക്കാനും ആസ്വദിക്കാനും കഴിയുന്നവിധം വൈവിധ്യമാർന്ന വിപണന സ്റ്റാളുകൾ, ഒട്ടകസവാരി, കുതിര സവാരി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, അലങ്കാര മത്സ്യപ്രദർശനം, വിവിധരാജ്യങ്ങളിലെ പക്ഷികളുടെ പ്രദർശനം, പേർഷ്യൻ കാറ്റുകൾ, മെക്സിക്കൻ ഇതുവാന തുടങ്ങി വിദേശരാജ്യങ്ങളിലെ വള ർത്തുമൃഗങ്ങൾ, ഫാമിലി ഗെയിം, ഫ്ളവർ ഷോ എന്നിവ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും പകൽ 2 മുതൽ രാത്രി 10 വരെ സന്ദർശിക്കാം. 40 ലേറെ വൈവിധ്യങ്ങളായ സ്റ്റാളുകൾ പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്. 12 വയസു വരെ കുട്ടികൾക്ക് 40 രൂപയും മുതിർന്നവർക്ക് 60 രൂപയുമാണ് പ്രവേശന ഫീസ്.
വാർത്താ സമ്മേളനത്തിൽ കെ സി പവിത്രൻ, കാനപ്പള്ളി ബാലകൃഷ്ണൻ, പി വിജയി, പി കെ രജ്ജീഷ്, എം വി സുമേഷ്, എം വി നസീർ, ടി ശ്രീജേഷ് എന്നിവർ പങ്കെടുത്തു.