തുടര്‍ച്ചയായ മൂന്നാം തവണയും ഊരാളുങ്കല്‍ ലോകത്ത് രണ്ടാം സ്ഥാനത്ത്


വടകര: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോക പട്ടികയില്‍ രണ്ടാം സ്ഥാനം നിലനില്‍ത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറിംഗിലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. വ്യവസായ അവശ്യസേവന മേഖലയില്‍ ഏറ്റവും കൂടുതല്‍ വിറ്റുവരവ് നടത്തിയതിനാണ് ഊരാളുങ്കലിന് ബഹുമതി.

ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സും യൂറോപ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ കോപ്പറേറ്റീവ്സ് ആന്‍ഡ് സോഷ്യല്‍ എന്റര്‍പ്രൈസസും ചേര്‍ന്നാണ് വേള്‍ഡ് കോപ്പറേറ്റീവ് മോനിട്ടറിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. സ്‌പെയിനിലെ തൊഴിലാളി സംഘമായ മോണ്‍ട്രാഗോണ്‍ ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

വടകര ആസ്ഥാനമായാണ് ഊരാളുങ്കല്‍ പ്രവര്‍ത്തിക്കുന്നത്. 2019 ല്‍ ആണ് സൊസൈറ്റിക്ക് ഇന്റര്‍നാഷണല്‍ കോപ്പറേറ്റീവ് അലയന്‍സ് അംഗത്വം ലഭിക്കുന്നത്. തൊഴിലാളികള്‍ തന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന പ്രത്യേകതയും ഊരാളുങ്കലിനുണ്ട്. മാത്രമല്ല, യുനെസ്‌കോ സൊസൈറ്റിയെ മാതൃകസഹകരണ സംഘമായി പ്രഖ്യാപിച്ച് ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിരുന്നു.

നിര്‍മ്മാണം, ടൂറിസം, വിദ്യാഭ്യാസം, കാര്‍ഷികം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇരുപതിനായിരത്തോളം തൊഴിലാളികള്‍ക്കാണ് സ്ഥിരമായി തൊഴില്‍ നല്‍കിവരുന്നത്. 1925 ല്‍ വാഗ്ഭടാനദഗുരു മുന്‍കൈയെടുത്ത് ആരംഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍.